രാജ്യത്ത് കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 19(1)(എ) എന്നിവയുടെ പരിധിയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നത് മൗലിക അവകാശമാണെന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഇന്റർനെറ്റ് ഉപയോഗത്തിന് യാതൊരുവിധ പ്രായപരിധിയും നിശ്ചയിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ പാടില്ലെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും രണ്ട് വിരുദ്ധ ധ്രുവങ്ങളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായി നിരോധിക്കുന്നതിന് പകരം, സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കണം. ദോഷകരമായ വസ്തുക്കൾ കണ്ടെത്തി അവ ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടത്.
ഇതിനായി ‘ചൈൽഡ് മോഡ്’ പോലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി ഓൺലൈൻ സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി.
‘‘ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21നോടൊപ്പവും ആർട്ടിക്കിൾ 19(1)(എ) പ്രകാരവും ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. നമ്മുടെ കുട്ടികൾക്ക്, അവരുടെ പ്രായം കണക്കിലെടുക്കാതെ, ഒരേ അവകാശങ്ങൾ ആസ്വദിക്കാൻ കഴിയണം, അവ നിഷേധിക്കുന്നത് സംസാര സ്വാതന്ത്ര്യം ഇല്ലെന്ന് പറയുന്നത് പോലെ അസംബന്ധമായിരിക്കുമെന്നാണ്’’ കോടതി വ്യക്തമാക്കി.
പ്രത്യേകിച്ചും വിദൂര പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനത്തിനുള്ള പ്രധാന ആശ്രയം ഇന്റർനെറ്റാണെന്നും കോടതി എടുത്തുപറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

