സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങൾക്കായി നിയമിക്കപ്പെട്ട സ്പെഷലിസ്റ്റ് അധ്യാപകർ കടുത്ത പ്രതിസന്ധിയിൽ.
സർവശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി സർവശിക്ഷ കേരളയ്ക്ക് കീഴിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ആർട്സ്, ചിത്രംവര, തുന്നൽ, കായികപരിപാടികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഇവർ സേവനം അനുഷ്ഠിക്കുന്നത്. 2016ൽ നിയമനം ലഭിക്കുമ്പോൾ ആഴ്ചയിൽ ആറു ദിവസത്തെ ജോലിക്കായി 28,000 രൂപയായിരുന്നു ശമ്പളം.
എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ പ്രവൃത്തിദിനം മൂന്നായി വെട്ടിച്ചുരുക്കിയതോടെ വേതനം ആദ്യം 14,000 രൂപയായും പിന്നീട് 7,000 രൂപയായും ഇടിയുകയായിരുന്നു. തുടർന്ന് അധ്യാപകർ നടത്തിയ ശക്തമായ സമരങ്ങളുടെ ഫലമായാണ് വേതനം നിലവിലുള്ള 13,500 രൂപയായി ഉയർത്തിയത്.
സാങ്കേതികമായി മൂന്ന് ദിവസത്തെ തൊഴിലാണെങ്കിലും പ്രായോഗികതലത്തിൽ വലിയ ജോലിഭാരമാണ് ഇവർക്കുള്ളത്. ഓരോ അധ്യാപകനും കുറഞ്ഞത് രണ്ട് സ്കൂളുകളുടെ ചുമതലയുണ്ടാകും.
ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് പത്ത് കിലോമീറ്ററിലധികം ദൂരവും പിന്നിടേണ്ടി വരുന്നുണ്ട്. പ്രത്യേകിച്ചും കായികാധ്യാപകർക്ക് മൂന്ന് ദിവസം കൊണ്ട് രണ്ട് സ്കൂളുകളിലെ കുട്ടികളെ കൃത്യമായി പരിശീലിപ്പിച്ച് തീർക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
പലരും നാലും അഞ്ചും ദിവസങ്ങൾ ഇതിനായി മാറ്റിവെക്കുന്നുണ്ട്. ഈ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്താനാകാതെ, അവധി ദിവസങ്ങളിൽ മറ്റ് ജോലികൾ ചെയ്ത് ജീവിക്കേണ്ട
ഗതികേടിലാണ് അധ്യാപകർ. കൂടാതെ, അർഹമായ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
ഭിന്നശേഷി വിഭാഗത്തിൽ പെട്ട കുട്ടികളെപ്പോലും വിവിധ കലാ–കായിക മേളകൾക്കായി പ്രാപ്തമാക്കുന്നത് ഈ അധ്യാപകരാണ്.
എന്നാൽ ഇവരുടെ സേവനത്തിന് അനുസൃതമായി ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ശുപാർശ നൽകിയിട്ടുണ്ടെന്ന് ജില്ലാ എസ്എസ്കെ അധികൃതർ വ്യക്തമാക്കി. നിലവിലുള്ള 13,500 രൂപയിൽ 9,000 രൂപയും സംസ്ഥാന സർക്കാരാണ് നൽകുന്നത്.
കേന്ദ്ര സർക്കാർ വിഹിതമായി നൽകുന്നത് ആകെ 4,500 രൂപ മാത്രമാണ്. സംസ്ഥാനം പിഎം ശ്രീ പദ്ധതിയിൽ അംഗമാകാത്തതുമൂലം എസ്എസ്എ ഫണ്ട് ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ടെന്നും, ഇതിന്റെ സാമ്പത്തിക ബാധ്യത പൂർണ്ണമായും സംസ്ഥാന സർക്കാരിൽ വന്നുചേരുന്നുണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

