തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തുനിന്ന് പുരാണകാലത്തെ ആയുധ പരിശീലന കുഴിക്കളരിയുടേതെന്നു കരുതുന്ന അടിത്തറ കണ്ടെത്തി. ക്ഷേത്രപരിസരത്തു കാടുപിടിച്ചുകിടന്നിരുന്ന സ്ഥലത്തെ മണ്ണു നീക്കം ചെയ്തപ്പോഴാണ് ചെങ്കല്ലിൽ നിർമിച്ച പഴയ നാൽപത്തീരടിക്കളരിയുടേതെന്ന് വിശ്വസിക്കുന്ന അസ്ഥിവാരം പുറത്തുവന്നത്.
പുരാണകാലത്ത് ഇവിടെ ഇത്തരമൊരു കളരി നിലവിലുണ്ടായിരുന്നതായി പ്രാദേശികമായി കേട്ടുകേൾവിയുണ്ടായിരുന്നെങ്കിലും ഇതിനുള്ള വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിരുന്നില്ല. ‘കേരള മാഹാത്മ്യം’ എന്ന കൃതിയിൽ ഇതേക്കുറിച്ചുള്ള സൂചനങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് രാജരാജേശ്വര ക്ഷേത്രം തന്ത്രി പുടയൂർ ജയനാരായണൻ നമ്പൂതിരി വ്യക്തമാക്കി.
ലക്ഷ്മീപുരത്ത് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള 42 അടി വിസ്തീർണമുള്ള ആലയത്തിൽ സുബ്രഹ്മണ്യനും പരശുരാമനും ചേർന്ന് ആയുധ പരിശീലനം നടത്തിയിരുന്നെന്നും അഗസ്ത്യൻ അതിന്റെ വായ്ത്താരികൾ ചൊല്ലിക്കൊടുത്തെന്നും ഇതിൽ പരാമർശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പെരുഞ്ചെല്ലൂർ എന്നും ലക്ഷ്മീപുരം എന്നുമാണു പുരാണകാലത്ത് തളിപ്പറമ്പ് അറിയപ്പെട്ടിരുന്നത്.
പുരാണകാലത്ത് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കളരിയുണ്ടായിരുന്നതായി കരുതപ്പെടുന്ന സ്ഥലം വൃത്തിയാക്കുന്നതിനിടെ മണ്ണു നീക്കിയപ്പോഴാണ് 42 അടി വിസ്തീർണമുള്ള പഴയ കുഴിക്കളരിയുടെ അവശിഷ്ടങ്ങൾ ലഭിച്ചതെന്ന് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ പറഞ്ഞു. കോലത്തിരി രാജവംശത്തിന്റെ ക്ഷയത്തിനുശേഷം ചിറക്കൽ രാജവംശവുമായി ക്ഷേത്രത്തെച്ചൊല്ലി തർക്കമുണ്ടായപ്പോൾ, ക്ഷേത്രസംരക്ഷണത്തിനായി പോരാളികൾക്ക് ഇത്തരത്തിലുള്ള കളരികളിൽ ആയുധ പരിശീലനം നൽകിയിരുന്നതായി കേട്ടറിവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരാവസ്തുവകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾ ഇതിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താൻ താൽപ്പര്യപ്പെടുകയാണെങ്കിൽ അതിനുള്ള എല്ലാ അവസരങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

