ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകളുടെ കടന്നുവരവ് ഭക്ഷ്യ ഉത്പാദകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും, ഈ പ്രതിസന്ധിയെ മികച്ചൊരു ബിസിനസ്സ് അവസരമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ ഭക്ഷ്യ ഉത്പന്ന കമ്പനിയായ നെസ്ലെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ, ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കായി പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുകയാണ് കമ്പനി.
ഭീഷണിയെ അവസരമാക്കി മാറ്റുന്നു നോവോ നോർഡിസ്കിന്റെ ‘ഓസെംപിക്’, ‘വിഗോവി’, എലി ലില്ലിയുടെ ‘മൗഞ്ചാരോ’, ‘സെപ്ബൗണ്ട്’ തുടങ്ങിയ വിശപ്പ് കുറയ്ക്കുന്ന മരുന്നുകൾക്ക് വിപണിയിൽ ആവശ്യക്കാരേറിയതോടെ സ്നാക്സുകൾ, പാനീയങ്ങൾ ഉൾപ്പെടെയുള്ള പാക്കേജ്ഡ് ഭക്ഷണങ്ങളുടെ ഡിമാൻഡ് കുറയുമെന്ന് നിക്ഷേപകർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്ന് ഭാരം കുറയുമ്പോഴുള്ള പാർശ്വഫലങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങൾക്ക് വലിയൊരു പുതിയ വിപണിയുണ്ടെന്നാണ് നെസ്ലെയുടെ കണ്ടെത്തൽ.
പെട്ടെന്ന് ശരീരഭാരം കുറയുമ്പോൾ പേശികൾ നഷ്ടപ്പെടുന്നതും മുഖത്തെ കൊഴുപ്പ് കുറഞ്ഞ് പ്രായം തോന്നിക്കുന്ന ‘ഓസെംപിക് ഫെയ്സ്’ എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതിനെ നേരിടാനുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
സഹായത്തിന് എഐ ക്ലിനിക്കൽ ഗവേഷണങ്ങൾ വിശകലനം ചെയ്യാനും അനുയോജ്യമായ പോഷകങ്ങളുടെ സംയോജനം കണ്ടെത്താനും നെസ്ലെ എഐ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പുതിയ ഉത്പന്നങ്ങളുടെ പരീക്ഷണങ്ങൾക്കും ഉപഭോക്താക്കളുടെ പ്രതികരണം മുൻകൂട്ടി അറിയാനും എഐയുടെ സഹായം നെസ്ലെ തേടുന്നുണ്ട്.
കമ്പനിയുടെ പക്കലുള്ള 1,20,000ത്തോളം റെസിപ്പികളിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ ‘ഫുഡ് ജീനി’ എന്നൊരു പ്ലാറ്റ്ഫോമും അവർ ഉപയോഗിക്കുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത് ഉപഭോക്താക്കളുടെ പുതിയ താല്പര്യങ്ങൾ കണ്ടെത്താനും എഐ ഉപയോഗിക്കുന്നുണ്ട്.
ഭാരം കുറയുമ്പോൾ നഷ്ടപ്പെടുന്ന പേശികളെ വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്ന പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റുകളും ചേർന്നുള്ള ഒരു ഫോർമുല കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം നിർത്തുമ്പോൾ അനുഭവപ്പെടുന്ന കടുത്ത വിശപ്പ് കുറയ്ക്കാനായി പ്രത്യേക ചേരുവകൾക്കും നെസ്ലെ പേറ്റന്റ് നേടിയിട്ടുണ്ട്.
പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ മാത്രം ഏകദേശം 1.6 കോടി ആളുകളാണ് ഭാരം കുറയാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇത് കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുകണ്ട് നെസ്ലെ ഇതിനോടകം തന്നെ ചില ഉത്പന്നങ്ങൾ വിപണിയിലിറക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

