പാട്ടത്തിനെടുത്ത ഭൂമിയിൽ കഷ്ടപ്പെട്ട് കൃഷി ചെയ്യിറക്കിയ പൊട്ടുവെള്ളരിയും തണ്ണിമത്തനും പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്ക് വിറ്റെങ്കിലും അർഹമായ പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് കർഷകനും കുടുംബവും നിരാഹാര സമരത്തിനൊരുങ്ങുന്നു. പൊഞ്ഞനം സ്വദേശിയായ കടവിൽ വീട്ടിൽ അനിൽകുമാർ (47) ആണ് നീതി തേടി സമരത്തിലേക്ക് തിരിയുന്നത്.
കർഷക ദിനത്തിലാണ് കുടുംബശ്രീ ഓഫിസിനു മുൻപിൽ ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വെൽഡിങ് തൊഴിലാളിയായ അനിൽ, തന്റെ വീടിന് സമീപത്തുള്ള വിവിധ ഭാഗങ്ങളിലായി നാല് ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി നടത്തിവരുന്നത്.
ഫോൺ കോളുകൾ വഴിയും താൻ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പ് മുഖേനയുമാണ് ഇദ്ദേഹം തന്റെ കാർഷിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കാട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫിസിൽ നിന്ന് പല തവണയായി ആവശ്യപ്പെട്ടതനുസരിച്ച് പൊട്ടുവെള്ളരിയും തണ്ണിമത്തനും നേരിട്ട് എത്തിച്ചു നൽകിയിരുന്നു.
എന്നാൽ, ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോൾ അധികൃതർ നൽകാൻ തയാറായില്ലെന്ന് അനിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വർഷമായി നൽകിയ സാധനങ്ങളുടെ വകയിൽ 7,000 രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കാനുള്ളത്.
സിഡിഎസ് ചെയർപേഴ്സന്റെ ആവശ്യപ്രകാരം താനോ ഭാര്യയോ ആണ് വിളവെടുപ്പ് സാധനങ്ങൾ ഓഫിസിൽ എത്തിച്ചു നൽകിയിരുന്നത്. എൽഡിഎഫ് ഭരണസമിതിയുടെ കീഴിലുള്ള പഞ്ചായത്തിലെ പല ഭരണസമിതി അംഗങ്ങളെയും നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചെങ്കിലും യാതൊരുവിധ പരിഹാര നടപടികളും ഉണ്ടായില്ല.
തുടർന്ന് പണം ലഭിക്കാതെ വന്നതോടെ കൃഷിയും വിൽപനയും തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്നും ഇതിന്റെ കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അനിൽ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. ഈ വിഷയത്തിൽ ചില സിപിഎം നേതാക്കൾ ഇടപെടലുകൾ നടത്തിയെങ്കിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ബാക്കിയായത്.
ഇതിൽ മനംനൊന്ത് ഇക്കഴിഞ്ഞ 10-ാം തീയതി അനിൽ കാട്ടൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും തുടർനടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബത്തോടൊപ്പം പഞ്ചായത്ത് ഓഫിസിനു മുൻപിൽ നിരാഹാരം അനുഷ്ഠിക്കാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

