യുഎഇയിൽ അന്തരീക്ഷ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിനൊപ്പം രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.
തിങ്കളാഴ്ചത്തെ കാലാവസ്ഥ
രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ അന്തരീക്ഷമായിരിക്കും തിങ്കളാഴ്ച അനുഭവപ്പെടുക. എന്നാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ ഇടയുള്ള മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം.
രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുക. തീരദേശ മേഖലകളിലും ദ്വീപുകളിലും താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
ചൊവ്വ, ബുധൻ ദിവസങ്ങളിലെ സാഹചര്യം
ചൊവ്വാഴ്ച രാവിലെയോടെ പടിഞ്ഞാറൻ മേഖലകളിൽ ഈർപ്പം വർധിക്കുന്നതിന്റെ ഫലമായി മൂടൽമഞ്ഞിനോ സാന്ദ്രത കുറഞ്ഞ മഞ്ഞിനോ സാധ്യതയുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിച്ചേക്കാം.
ഈ ദിവസങ്ങളിൽ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ ഇടയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പ്രവചനം
വ്യാഴാഴ്ചയും തെക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
എങ്കിലും തീരദേശ മേഖലകളിൽ താപനില അല്പം കുറയാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് പൊടിക്കാറ്റിനും സാധ്യതയുണ്ട്.
വ്യാഴാഴ്ച അറേബ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ ഇടയുണ്ട്. വെള്ളിയാഴ്ചയോടെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായി തുടരുമെങ്കിലും കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും മേഘങ്ങൾ രൂപപ്പെടാം.
വെള്ളി രാത്രിയിലും ശനിയാഴ്ച രാവിലെയുമായി വിവിധയിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

