കൊല്ലം ജില്ലയിലെ വാളകം വിലങ്ങറ കോണത്ത് പുത്തൻവീട്ടിൽ എൻ. തങ്കപ്പൻ ജീവിതത്തിലെ നൂറാം ആണ്ടുകൾ പിന്നിടുമ്പോഴും കൃഷിഭൂമിയിൽ കർമ്മനിരതനാണ്.
നൂറ്റിയൊന്നാം വയസ്സിലും ഒട്ടും ചോരാത്ത ആത്മവീര്യത്തോടെയാണ് അദ്ദേഹം പണിയായുധങ്ങളുമായി തന്റെ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. തന്റെ ഇരുപതാം വയസ്സിൽ ആദ്യമായി പാടത്തിറങ്ങിയ തങ്കപ്പന് ഇപ്പൊഴും കൃഷിയോടുള്ള ആത്മബന്ധത്തിനും വിളവെടുപ്പിനായുള്ള കഠിനാധ്വാനത്തിനും ചെറുപ്പകാലത്തിന്റെ ഊർ്ജ്ജം തന്നെയാണ് ഉള്ളത്.
സ്വന്തം ഉടമസ്ഥതയിലുള്ള 1.60 ഏക്കർ സ്ഥലത്താണ് മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ്, മരച്ചീനി, വാഴ, കാച്ചിൽ തുടങ്ങിയ വിവിധ വിളകൾ അദ്ദേഹം കൃഷി ചെയ്ത് പരിപാലിക്കുന്നത്. നിലം ഒരുക്കുന്നത് മുതൽ കാടുവെട്ടുന്നതും വളം ചേർക്കുന്നതുമായ സകല കാര്യങ്ങളും സ്വന്തമായി തന്നെയാണ് ചെയ്തുവരുന്നത്.
തന്റെ കായികശേഷിയും ഇച്ഛാശക്തിയും കണ്ട് പ്രായത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നവർക്ക് മുന്നിൽ തങ്കപ്പൻ തന്റെ ആധാർ കാർഡ് എടുത്തു കാണിക്കാറാണ് പതിവ്. 1925 ലാണ് അദ്ദേഹത്തിന്റെ ജനനം.
ആ കാലഘട്ടത്തിൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയിരുന്ന തങ്കപ്പന് സർക്കാർ ജോലി ലഭിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും, കൃഷിയാണ് തന്റെ വഴിയെന്ന് അദ്ദേഹം സ്വയം തിരുമാനിക്കുകയായിരുന്നു. സ്വന്തമായി വാങ്ങിയ മൂന്നു പറ നിലത്തായിരുന്നു അദ്ദേഹത്തിന്റെ കാർഷിക ജീവിതത്തിന്റെ തുടക്കം.
അച്ഛനിൽ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങൾ അദ്ദേഹം ഹൃദ്യമാക്കിയത്. അന്നു മുതൽ ഇന്നുവരെ മണ്ണിനെ അദ്ദേഹം കൈവിട്ടിട്ടില്ല.
ജൈവവള ആവശ്യങ്ങൾക്കായി വളർത്തുന്ന പശുവിനെ നോക്കുന്നതും അദ്ദേഹം തന്നെയാണ്. മുൻകാലങ്ങളിൽ മരമടി മത്സരവേദികളിലെ സജീവ സാന്നിധ്യം കൂടിയായിരുന്നു എൻ.
തങ്കപ്പൻ. ഈ വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള ആദരവ് ഉമ്മന്നൂർ പഞ്ചായത്ത് നൽകി ആദരിച്ചത് അദ്ദേഹത്തെയാണ്.
പ്രായാധിക്യത്തിന്റെ പ്രയാസങ്ങൾ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, മൂത്രതടസ്സത്തെ തുടർന്ന് ട്യൂബ് ഇടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത് തന്റെ കൃഷിപ്പണികൾക്ക് ഒരു തടസ്സമായി അദ്ദേഹം കാണുന്നില്ല.
അദ്ദേഹത്തിന്റെ ഭാര്യ പരേതയായ സരസമ്മയാണ്. ഗീത, അനിൽകുമാർ എന്നിവരാണ് മക്കൾ.
ഇതിൽ മകനും പിതാവിന്റെ പാത പിന്തുടർന്ന് കൃഷിരംഗത്ത് സജീവമായി കൂടെയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

