കണ്ണൂർ കോർപറേഷനിൽ ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന ഉയരത്തിലുള്ള കനാൽപാലം തകർന്നു വീണു. കോർപറേഷൻ പള്ളിപ്രം ഡിവിഷൻ പരിധിയിലെ വാരം ശാസ്താംകോട്ട
ശിവക്ഷേത്രം ഭാഗത്തുനിന്ന് കടാങ്കോട് ഭാഗത്തേക്കുള്ള എടൈക്കോത്ത് റോഡരികിലാണ് സംഭവം. തൂണുകളിൽ ഏകദേശം 18 അടിയോളം ഉയരത്തിൽ നിർമിച്ചിരുന്ന കനാലിന്റെ 150 മീറ്ററോളം വരുന്ന ഭാഗം ഞായറാഴ്ച വൈകിട്ട് 5.45 ഓടെയാണ് നിലംപതിച്ചത്.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വലിയ പരിഭ്രാന്തിയിലായിരുന്നു. റോഡരികിൽ ജനവാസ കേന്ദ്രത്തിലൂടെയാണ് കൂറ്റൻ കനാൽപാലം തകർന്നുവീണത് എന്നതിനാൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന ആശങ്കയിലായിരുന്നു ഏവരും.
എന്നാൽ ആളപായമില്ലെന്ന് ഉറപ്പുവരുത്തിയത് വലിയ ആശ്വാസമായി. റോഡിന് കുറുകെ വരുന്ന ഭാഗത്തും കനാൽ പാലം തകർന്നുവീണിട്ടുണ്ട്.
ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറും കടന്നുപോയ ഉടനെയാണ് അപകടമുണ്ടായത്. ഇതിനു തൊട്ടുമുമ്പ് ക്ഷേത്രത്തിന് സമീപം നടന്ന തിരുവാതിര പരിശീലനം കഴിഞ്ഞ് കുടുംബശ്രീ അംഗങ്ങളായ 15 വനിതകളും ഇതുവഴി കടന്നുപോയിരുന്നു.
നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വൻ ദുരന്തം ഒഴിവായതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാർ വ്യക്തമാക്കി. സമീപത്ത് റോഡിന് കുറുകെയുള്ള മറ്റൊരു ഭാഗത്തും കനാൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ഇവിടെ യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, നാട്ടുകാർ രാത്രി വൈകുവോളം സ്ഥലത്ത് കാവൽ നിന്ന് വാഹനങ്ങളും കാൽനടക്കാരെയും വഴിതിരിച്ചുവിടുകയായിരുന്നു. കനാൽപാലം തകർന്നതിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് യാത്രാസൗകര്യമില്ലാതെ ഒറ്റപ്പെട്ടിരിക്കുന്നത്.
അവശേഷിക്കുന്ന ഭാഗം കൂടി തകർന്നുവീണാൽ വാരം ശാസ്താംകോട്ട ശിവക്ഷേത്രത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിലുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിക്കും.
പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി 45 വർഷം മുമ്പാണ് ഈ പ്രദേശത്ത് കനാൽ നിർമിച്ചത്. കോൺക്രീറ്റിൽ തീർത്ത തൂണുകളും മറ്റ് ഘടനകളും ദ്രവിച്ച് തുരുമ്പെടുത്ത് ഇരുമ്പുകമ്പികൾ പുറത്തുകാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഈ ഗുരുതരമായ സുരക്ഷാപ്രശ്നം പലതവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കനാൽ ബലപ്പെടുത്തുന്നതിനോ പൊളിച്ചുമാറ്റി പുനർനിർമിക്കുന്നതിനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കനാലിന്റെ തുടർച്ചയായി മറ്റ് പലേടത്തും സമാന രീതിയിൽ ഉയരത്തിലൂടെ പോകുന്ന ഭാഗങ്ങൾ ദ്രവിച്ച നിലയിലാണ്. കനാൽ സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
സംഭവസ്ഥലം സന്ദർശിച്ച ടി.ഒ.മോഹനൻ എംഎൽഎ, പഴശ്ശി ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് അപകടാവസ്ഥയിലുള്ള കനാലിന്റെ ബാക്കി ഭാഗം ഉടൻ പൊളിച്ചുമാറ്റാൻ നിർദേശം നൽകി. ഡെപ്യൂട്ടി മേയർ കെ.പി.താഹിർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

