കാസർകോട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ വലിയ പ്രതീക്ഷകൾ നൽകിയ വീരമല പൈതൃകഗ്രാമം പദ്ധതി ഇപ്പോഴും പൂർണ്ണമായും കടലാസിൽ ഒതുങ്ങുന്നു. ദേശീയപാതയോട് ചേർന്ന് തേജസ്വിനിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ ഈ പ്രദേശം വേണ്ടത്ര സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ സർക്കാരുകളുടെ കാലത്ത് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും യാഥാർത്ഥ്യമായിട്ടില്ല. ഇടത്-വലത് മുന്നണികളുടെ ഭരണകാലത്തായി നാല് മന്ത്രിമാരാണ് വികസന വാഗ്ദാനങ്ങളുമായി വീരമല സന്ദർശിച്ചത്.
കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന വേളയിൽ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർനടടികളുണ്ടായില്ല. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എ.പി.അനിൽകുമാറും ഇവിടെയെത്തി സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര സഹായത്തോടെ പൈതൃകഗ്രാമം പദ്ധതി ആവിഷ്കരിക്കുകയും റവന്യു വകുപ്പിന്റെ കൈവശമുള്ള പത്ത് ഏക്കറോളം ഭൂമി ഏറ്റെടുക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. മലമുകളിൽ കുട്ടികളുടെ പാർക്ക്, വ്യൂ പോയിന്റ് തുടങ്ങിയ പദ്ധതികൾക്കായി വർഷങ്ങൾക്ക് മുൻപ് നാല് കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി മലയുടെ പടിഞ്ഞാറുഭാഗം പാതിയും ഇടിച്ചുനിരത്തിയിട്ടുണ്ട്. പ്രകൃതിസൗന്ദര്യവും ചരിത്രപ്രാധാന്യവും വീരമലയുടെ മുകൾഭാഗത്ത് റവന്യു വകുപ്പിന്റെ പത്ത് ഏക്കറോളം ഭൂമിയും, ചുറ്റുമായി വനം വകുപ്പിന്റെ 37 ഏക്കറോളം ഭൂമിയുമാണ് ഉള്ളത്.
കിഴക്കുഭാഗത്തായി രാമൻചിറത്തടാകവും വടക്കുഭാഗത്തായി തേജസ്വിനിപ്പുഴയും സ്ഥിതി ചെയ്യുന്നു. ചരിത്രരേഖകളിൽ പറയുന്ന ഡച്ചുകാരുടെ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാനാകും.
സന്ധ്യാസമയത്തെ കാഴ്ചകളും അറബിക്കടലിലെ കപ്പൽ യാത്രാ ദൃശ്യങ്ങളും ഇവിടെ നിന്നും ആസ്വദിക്കാൻ സാധിക്കും. എന്നാൽ ദേശീയപാത വികസനത്തിന്റെയും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭാഗങ്ങളിൽ നടക്കുന്ന വ്യാപകമായ മണ്ണെടുപ്പിന്റെയും ഫലമായി മലയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്.
അനധികൃതമായ മണ്ണെടുപ്പ് തുടർന്നാൽ അധികം വൈകാതെ വീരമല എന്ന പ്രകൃതിവിസ്മയം ചരിത്രത്തിന്റെ ഭാഗം മാത്രമായി മാറുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

