മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കാനും, കാർഷിക ആവശ്യങ്ങൾക്കായി വെള്ളം ലഭ്യമാക്കാനും ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക സർവമത പ്രാർഥന സംഘടിപ്പിച്ചു. അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടിയിലെ ഷട്ടറിന് സമീപത്താണ് അഞ്ച് ജില്ലാ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർഥനകൾ നടന്നത്.
തേനി ജില്ലയിലെ 14,707 ഏക്കർ ഇരുപ്പൂ നിലങ്ങൾ പെരിയാർ അണക്കെട്ടിലെ ജലത്തെയാണ് പൂർണമായും ആശ്രയിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം ഒന്നാം വിള ഇറക്കുന്നതിനായി എല്ലാ വർഷവും ജൂൺ ആദ്യവാരത്തോടെ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് പതിവാണ്.
എന്നാൽ, ഇത്തവണ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതിനാൽ ജലസേചനത്തിനായി ഇതുവരെ വെള്ളം തുറന്നുവിട്ടിട്ടില്ല. ഇന്നലത്തെ കണക്കുകൾ പ്രകാരം പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112.90 അടി മാത്രമാണ്.
പ്രാർഥനാ ചടങ്ങുകൾക്ക് മുന്നോടിയായി തേക്കടിയിലെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപമുള്ള ജയദുർഗ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. തുടർന്ന് ഷട്ടറിന് മുന്നിലെത്തിയ കർഷക സംഘം അവിടെ പ്രാർഥനകൾ നിർവഹിച്ചു.
അഞ്ച് ജില്ലാ കർഷക സംഘം വർക്കിങ് പ്രസിഡന്റ് എസ്. മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കമ്പം വാവർ പള്ളി ജമാഅത്ത് പ്രസിഡന്റ് സൈനുലാബുദീൻ അമ്പ, വാവർ പള്ളി ചീഫ് ഇമാം മൗലവി അലാവുദ്ദീൻ മിസ്ബാഹി, റിവൈവൽ ചർച്ച് ബിഷപ് ജ്ഞാനപ്രകാശം, കമ്പം വേലപ്പർ കോവിൽ പൂജാരി രവി എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജഗോപാൽ, അസിസ്റ്റന്റ് എൻജിനീയർ മഹേന്ദ്രൻ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

