സംസ്ഥാനത്ത് കെഎസ്യു സംഘടനയെ അപ്രസക്തമാക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതാക്കൾ. ജനങ്ങൾ വലിയ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ സർക്കാരാണിതെന്നും, ആ ഉത്തരവാദിത്തം നിറവേറ്റാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി.
താൻ എരിതീയിൽ എണ്ണ ഒഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അതൃപ്തി പരോക്ഷമായി സൂചിപ്പിച്ചു. അതേസമയം, കെഎസ്യുവിനെ തള്ളിപ്പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലെന്ന് പാർട്ടിയുടെ വക്താവ് ദീപ്തി മേരി വർഗീസ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് തിരക്കുകൾ ഉണ്ടാകാം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പ്രസ്താവനയിലുള്ള അതൃപ്തി അവർ പരസ്യമാക്കി. എന്നാൽ, കെഎസ്യുവും യൂത്ത് കോൺഗ്രസും പരിധിക്കപ്പുറം സംസാരിക്കരുതെന്ന് മന്ത്രി എ പി അനിൽകുമാർ മുന്നറിയിപ്പ് നൽകി.
കോൺഗ്രസിന്റെ പോഷക സംഘടനകൾ സർക്കാരിനെതിരായ സംഘടനകളല്ലെന്നും, എന്നാൽ അഭിപ്രായ പ്രകടനങ്ങൾ അതിരുകടക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിക്കുള്ളിലെ ഈ പരസ്യവിഴുപ്പലക്കലുകൾക്കെതിരെ കെ സി വേണുഗോപാൽ അടക്കമുള്ള ഉന്നത നേതൃത്വത്തിന് അതൃപ്തിയുള്ളതായാണ് സൂചന.
ഇത്തരം പ്രവണതകൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന നിലപാടിലാണ് അദ്ദേഹം. ഇതിനിടെ, മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച കോൺഗ്രസ് വക്താവ് വി ആർ അനൂപിനെ തള്ളി ബിആർഎം ഷഫീർ രംഗത്തെത്തി.
ചാനൽ ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നവർ സർക്കാരിനെതിരെ പരസ്യമായി രംഗത്തിറങ്ങിയാൽ പിന്നെ പാർട്ടിയെ ന്യായീകരിക്കാൻ അവർക്ക് കഴിയില്ലെന്ന് ഷഫീർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു. ഭരണതലത്തിലും പാർട്ടി തലത്തിലും ഏകോപനമില്ലാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന ആക്ഷേപവും ശക്തമാണ്.
മുഖ്യമന്ത്രി പല തീരുമാനങ്ങളും ഏകപക്ഷീയമായി എടുക്കുന്നുവെന്ന വിമർശനം പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. കെപിസിസി അധ്യക്ഷൻ മന്ത്രിസഭയിൽ അംഗമായതോടെ പാർട്ടി സംവിധാനം ദുർബലമായെന്നും, സർക്കാരിന്റെ മധുവിധു കാലം അവസാനിച്ചതോടെ പവർകട്ട് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണെന്നും വിലയിരുത്തപ്പെടുന്നു.
നേതൃത്വത്തിന് പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം മുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

