കോഴിക്കോട് കോർപറേഷൻ ഓഫിസിന് പിന്നിലുള്ള ഫ്രഞ്ച് ഭൂമിയിൽ ദീർഘകാലമായി കൂട്ടിയിട്ടിരുന്ന വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടികൾക്ക് തുടക്കമായി. ഇന്നലെ രാവിലെ ഏഴരയോടെയാണ് കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ജോലികൾ ആരംഭിച്ചത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്. ഇവിടെ കൂട്ടിയിട്ടിരുന്ന പോസ്റ്റുകൾക്കിടയിൽ ഒളിച്ചിരുന്ന മൂന്ന് മൂർഖൻ പാമ്പുകളെയാണ് ജീവനക്കാർ കണ്ടത്.
ഇതിൽ ഒരെണ്ണത്തെ പിടികൂടാൻ സാധിച്ചു. എന്നാൽ ബാക്കി രണ്ടെണ്ണം സമീപത്തെ സിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മതിലിലേക്ക് ഇഴഞ്ഞുപോയി.
കോർപറേഷൻ ഓഫിസ് ജീവനക്കാരനും സ്നേക് റെസ്ക്യുവറുമായ സി.എം.ഹരിപ്രസാദ് താൽക്കാലികമായി തയ്യാറാക്കിയ ഉപകരണമുപയോഗിച്ച് പിടികൂടിയ പാമ്പിനെ പിന്നീട് സർപ്പ വൊളന്റിയറായ അനുശ്രീ ബാബു എത്തി സുരക്ഷിതമായി ബാഗിലാക്കി കൊണ്ടുപോവുകയായിരുന്നു. ഏതാണ്ട് നൂറോളം പോസ്റ്റുകളാണ് ഇന്നലെ മാത്രം ഇവിടെ നിന്നും മാറ്റിയത്.
കെഎസ്ഇബിയുടെ കൈവശമുണ്ടായിരുന്ന ഈ ഭൂമിയിൽ വയോജനകേന്ദ്രം നിർമിക്കാനായിരുന്നു കോർപറേഷന്റെ തീരുമാനം. എന്നാൽ, പോസ്റ്റുകൾ നീക്കം ചെയ്യുന്നതിലുണ്ടായ കാലതാമസം കാരണം ഒന്നര വർഷത്തോളമായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു.
കോർപറേഷൻ അയച്ച കത്തിന്റെ വിലാസം തെറ്റിയതാണ് നടപടികൾ വൈകാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഫറോക്ക് നല്ലളം ഓഫിസിലെ പുതിയ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ നടപടികൾ വേഗത്തിലാക്കിയത്.
പോസ്റ്റുകൾ നീക്കം ചെയ്യുന്ന ജോലികൾ ഇന്നും തുടരും. ഇത് പൂർത്തിയായ ഉടൻ തന്നെ വയോജന കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

