കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം നടത്തി സ്വർണ്ണമാല കവർന്ന സംഭവത്തിൽ യുവതി പോലീസ് പിടിയിലായി. മേലില ലാൽ ജംഗ്ഷന് സമീപം സിന്ധു ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന റസീന (36) ആണ് പോലീസ് പിടിയിലായത്.
ഏഴംകുളം തെപ്പുപ്പാറയിലെ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിലെ താമസക്കാരിയായിരുന്നു ഇവർ. സംഭവത്തിൻ്റെ വിവരങ്ങൾ ഇങ്ങനെ: ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാടകവീടിന് സമീപം താമസിക്കുന്ന തങ്കമ്മ എന്ന വീട്ടമ്മ സ്വന്തം കിടപ്പുമുറിയിൽ വിശ്രമിക്കുമ്പോൾ പ്രതി അവിടെയെത്തുകയും, കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് മഗ്ഗിൽ തയ്യാറാക്കിയ മുളക് വെള്ളം തങ്കമ്മയുടെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. തുടർന്ന് തങ്കമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന് പ്രതി സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
തങ്കമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയായ റസീനയെ പിടികൂടുകയുമായിരുന്നു. സമാനമായ മറ്റ് കേസുകളിലും ഇവർ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിജു കുമാർ പി.ഡി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം പൂർത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്തത്.
സബ് ഇൻസ്പെക്ടർമാരായ ലയ, ഹേമന്ത്, സജീവ്, ആതിര, ഗോപിക എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

