തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്നുകളയുന്ന തമിഴ്നാട് സ്വദേശിയെ പാറശാല റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ആണ്ടിപ്പട്ടി സ്വദേശിയായ രാജ (48) ആണ് പിടിയിലായത്.
കഴിഞ്ഞ 26-ന് പുലർച്ചെ ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
ഈ കേസിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുഴിത്തുറയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയുടെ പക്കൽ നിന്നും അഞ്ച് മൊബൈൽ ഫോണുകളും ഒരു സ്മാർട്ട് വാച്ചും പൊലീസ് കണ്ടെടുത്തു.
ചാർജ് ചെയ്യാൻ വെക്കുന്ന ഫോണുകൾ ലക്ഷ്യമിട്ടാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ചെന്നൈ – ഗുരുവായൂർ ട്രെയിനുകളെയാണ് ഇയാൾ മോഷണത്തിനായി സ്ഥിരമായി തിരഞ്ഞെടുത്തിരുന്നത്.
വിവിധ കംപാർട്ട്മെന്റുകളിൽ മാറി കയറി മോഷണം നടത്തുന്ന രീതിയാണ് പ്രതിയുടേതെന്ന് പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ച ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്.
തമിഴ്നാട്ടിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ച ശേഷമാണ് ഇയാൾ വീണ്ടും മോഷണത്തിനിറങ്ങിയത്. പാറശാല റെയിൽവേ സ്റ്റേഷൻ എസ്ഐ റസൽരാജ്, സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽകൃഷ്ണ, അബിൻരാജ്, പ്രദീപ്, വിപിൻരാജ്, രജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

