കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് മേഖലയിൽ നടന്ന വിചിത്രമായ മോഷണക്കേസിൽ നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരികെ ലഭിച്ചു.
മോഷണം നടന്ന വീടിന് സമീപത്തെ ചെടിച്ചട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടെത്തിയത്. ശങ്കരവയൽ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയാണ് നഷ്ടപ്പെട്ടത്.
ഇതിലുണ്ടായിരുന്ന മൂന്നരപ്പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് തിരികെ ലഭിച്ചത്. ജൂലൈ 11-നാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്.
സംഭവത്തെത്തുടർന്ന് ഉടമകൾ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.
അന്വേഷണം ശക്തമായതോടെ പിടിയിലാകുമെന്ന ഭയത്താലാകാം മോഷ്ടാവ് സ്വർണാഭരണം തിരികെ വെച്ച് കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. മോഷണത്തിന് പിന്നാലെ വീടിന്റെ മുൻവശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭ്യമായിരുന്നില്ല.
തുടർന്ന് ബുധനാഴ്ച രാവിലെയാണ് വീടിന് മുന്നിലെ ചെടിച്ചട്ടിയിൽ സ്വർണമാല ഉപേക്ഷിച്ച നിലയിൽ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പോലീസിന് കൈമാറി.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ധരെയും എത്തിച്ച് ശാസ്ത്രീയമായ പരിശോധനകൾ നടത്തണമെന്ന് വീട്ടുകാരും നാട്ടുകാരും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

