നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമിയുടെ 25 കോടി രൂപ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തെന്ന പരാതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. ചെന്നൈയിലും മധുരയിലുമായി ആറ് വ്യത്യസ്ത കേന്ദ്രങ്ങളിലാണ് അധികൃതർ റെയ്ഡ് നടത്തിയത്.
ഈ കേസിൽ പ്രതിയായ സിനിമാ നിർമാതാവ് സി.അളഗപ്പനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലായിരുന്നു പരിശോധന.
ഭൂമി ഇടപാടുകൾക്ക് പിന്നിലെ സാമ്പത്തിക തിരിമറികൾ, പണമിടപാടുകൾ എന്നിവയിൽ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയത്. 2023-ൽ ഗൗതമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
2004-ൽ ചികിത്സാ ആവശ്യങ്ങൾക്കും മകളുടെ വിദ്യാഭ്യാസ ചെലവുകൾക്കുമായി ശ്രീപെരുംപുത്തൂരിലുണ്ടായിരുന്ന 46 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിച്ചതായിരുന്നു. ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, സി.അളഗപ്പനും കുടുംബവും വ്യാജ രേഖകൾ ചമച്ച് 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
നേരത്തെ ഈ കേസിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സി.അളഗപ്പനും ഭാര്യയും അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
അതേസമയം, ബിജെപിയിലെ ചില നേതാക്കൾ പ്രതിയായ അളഗപ്പനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതായി ആരോപിച്ച് ഗൗതമി പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെക്കുകയും പിന്നീട് അണ്ണാഡിഎംകെയിൽ ചേരുകയും ചെയ്തിരുന്നു. നിലവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

