സമൂഹമാധ്യമങ്ങളിൽ റീൽസുകൾ ചിത്രീകരിക്കുന്നതിനും ലൈക്കുകൾ നേടുന്നതിനുമായി യുവാക്കൾ നിരോധിത വനമേഖലകളിലേക്ക് അതിക്രമിച്ചു കയറുന്നത് വനംവകുപ്പ് അധികൃതരെ വലിയ പ്രതിസന്ധിയിലാക്കുന്നു. കേരള–തമിഴ്നാട് അതിർത്തിയിലുള്ള ആര്യങ്കാവ് രാജാത്തോട്ടം മേഖലയിൽ കർശനമായ മുന്നറിയിപ്പുകളും വിലക്കുകളും അവഗണിച്ചാണ് സഞ്ചാരികൾ എത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ ആളുകൾ വഴിതെറ്റിയതോ വനത്തിനുള്ളിൽ കുടുങ്ങിയതോ ആയ ഏഴാമത്തെ സംഭവമാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് യുവാക്കൾ കടമാൻപാറ സ്റ്റേഷൻ പരിധിയിലെ നിരോധിത വനമേഖലയിൽ കുടുങ്ങിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഉച്ചയ്ക്ക് ശേഷം വനത്തിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ഇവർ കുരിശുമല വ്യൂപോയിന്റിലെത്തി. എന്നാൽ, കനത്ത മൂടൽമഞ്ഞിലും ചാറ്റൽമഴയിലും പെട്ടതോടെ വഴി കണ്ടെത്താനാകാതെ വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ ആര്യങ്കാവ് റേഞ്ചിലെ വനപാലകരും ദ്രുതകർമസേനയും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രാത്രിയോടെ ഇവരെ കണ്ടെത്താനായത്.
സമാനമായി വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന് പുനലൂർ സ്വദേശികളായ നാല് യുവാക്കൾക്കെതിരെ കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തിരുന്നു. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ രാജാത്തോട്ടവും കുരിശുമല വ്യൂപോയിന്റും പ്രകൃതിമനോഹരമാണെങ്കിലും അതീവ അപകടസാധ്യത നിറഞ്ഞ മേഖലകളാണ്.
കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം ഇവിടെ പതിവാണ്. കൂടാതെ, ഈ പ്രദേശത്തെ പാറക്കെട്ടുകളുടെ ഒരു വശം തമിഴ്നാട് അതിർത്തിയിലെ അഗാധമായ കൊക്കയിലേക്കാണ് തുറക്കുന്നത്.
മൂടൽമഞ്ഞ് ശക്തമാകുമ്പോൾ കാഴ്ച മങ്ങുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ചെറിയൊരു കാൽവഴുക്കൽ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാമെന്നും, ഇത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

