സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ വിവിധ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ട്.
നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴയുടെ തീവ്രത വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
മഴ കനത്ത സാഹചര്യത്തിൽ പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമിന്റെ സുരക്ഷ മുൻനിർത്തി, പരമാവധി ജലനിരപ്പായ 106.5 മീറ്റർ ക്രമീകരിക്കുന്നതിനായി ഇന്ന് (17.06.2026) വൈകിട്ട് 4 മണിക്ക് ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം, ആകെ 40 സെന്റിമീറ്റർ ഉയർത്താൻ തീരുമാനിച്ചു.
ജൂൺ 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. നിലവിലെ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തിരൂർ അന്നശ്ശേരി – പൂകൈത റോഡിൽ വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. റോഡരികിലെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.
റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ സർവീസ് തടസ്സപ്പെട്ടു. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

