കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി പത്തനംതിട്ട ജില്ലയിൽ വൻതോതിൽ പ്രയോജനപ്പെടുന്നു.
കണക്കുകൾ പ്രകാരം പത്തനംതിട്ടയിൽ 4,720 സ്ത്രീകളും, കോന്നിയിൽ 2,824 പേരും, റാന്നിയിൽ 2,486 പേരും, അടൂരിൽ 11,860 പേരും, തിരുവല്ലയിൽ 6,530 പേരും, പന്തളത്ത് 3,394 പേരും, മല്ലപ്പള്ളിയിൽ 5,946 പേരും ഈ സേവനം ഉപയോഗപ്പെടുത്തി. പത്തനംതിട്ട ഡിപ്പോയിൽനിന്ന് 13 റൂട്ടുകളിലാണ് പ്രിയദർശിനി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്.
ഇതിൽ പത്തനംതിട്ട– കൊല്ലം, പത്തനംതിട്ട– മലയാലപ്പുഴ– തലച്ചിറ, പത്തനംതിട്ട– ഇലവുംതിട്ട– ചെങ്ങന്നൂർ എന്നീ റൂട്ടുകളിൽ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പത്തനംതിട്ട– കൊല്ലം റൂട്ടിൽ ഓമല്ലൂർ, കൈപ്പട്ടൂർ, തട്ട, അടൂർ, കടമ്പനാട്, ശാസ്താംകോട്ട
വഴിയുള്ള ലിമിറ്റഡ് സ്റ്റോപ് സർവീസുകൾ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ്. മലയാലപ്പുഴ ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്കായി ദിവസം 14 ട്രിപ്പുകൾ ഇതേ റൂട്ടിൽ ലഭ്യമാണ്.
കോന്നി ഡിപ്പോയിൽ കോന്നി മെഡിക്കൽ കോളജ്, കോട്ടാംപാറ, പത്തനംതിട്ട, പത്തനാപുരം റൂട്ടുകളിലും, റാന്നി ഡിപ്പോയിൽ റാന്നി– മണ്ണടിശാല, റാന്നി– പെരുന്തേനരുവി, റാന്നി– തിരുവല്ല, റാന്നി– കോട്ടയം റൂട്ടുകളിലുമാണ് കൂടുതൽ പേർ യാത്ര ചെയ്യുന്നത്. വരുമാന കണക്കുകൾ പരിശോധിച്ചാൽ, പത്തനംതിട്ട
ഡിപ്പോയിൽ 1,00,772 രൂപയും, റാന്നിയിൽ 47,622 രൂപയും, കോന്നിയിൽ 56,816 രൂപയും, അടൂരിൽ 2,15,675 രൂപയുമാണ് ലഭിച്ചത്. തിരുവല്ലയിൽ 6,530 വനിതകൾ യാത്ര ചെയ്തപ്പോൾ ടിക്കറ്റ് ഇനത്തിൽ 1,24,672 രൂപ ലഭിച്ചു.
പന്തളം ഡിപ്പോയുടെ ആകെ വരുമാനം 2,42,136 രൂപയും മല്ലപ്പള്ളിയിലേത് 1,04,881 രൂപയുമാണ്. അതേസമയം, സൗജന്യയാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്ടപ്പെട്ടതായാണ് കണക്കുകൂട്ടൽ. ഇന്ധനവില വർധനവിനിടെ വരുമാനം കുറഞ്ഞത് പ്രതിസന്ധിയായി മാറിയിട്ടുണ്ട്.
സൗജന്യയാത്ര ആരംഭിച്ച ആദ്യ ദിവസം തന്നെ ജില്ലയിലെ ഓരോ സ്വകാര്യ ബസിനും 2,500 മുതൽ 3,000 രൂപ വരെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ രംഗത്തെത്തി.
സ്വകാര്യ ബസുകൾ സർക്കാർ വാടക നിശ്ചയിച്ച് ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ.ഷാജി കുമാർ, സെക്രട്ടറി ലാലു മാത്യു എന്നിവർ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പ്രമോദ് കൃഷ്ണ, ട്രഷറർ അനീഷ് ഹസൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

