പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള റെയിൽവേ പാതയിൽ വൈകുന്നേരങ്ങളിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം യാത്രക്കാർക്കിടയിൽ ശക്തമാകുന്നു. നിലവിൽ പാലരുവി എക്സ്പ്രസ് കൊല്ലത്ത് നിന്ന് ചെങ്കോട്ട
വഴി തിരിഞ്ഞുപോകുന്നത് തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര, ആർസിസി തുടങ്ങിയ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി എത്തുന്നവരും, വിദ്യാർത്ഥികളും ജീവനക്കാരും അടങ്ങുന്ന വലിയൊരു വിഭാഗം യാത്രക്കാരാണ് ഈ അസൗകര്യം കാരണം ദുരിതത്തിലായിരിക്കുന്നത്.
യാത്രാ ദുരിതത്തിന്റെ പശ്ചാത്തലം പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.55-ന് പുറപ്പെടുന്ന കേരള എക്സ്പ്രസ് കഴിഞ്ഞാൽ, ഏഴ് മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് അടുത്ത സർവീസായ അമൃത എക്സ്പ്രസ് എത്തുന്നത്. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയതോടെ ഇതിൽ സീറ്റ് ലഭിക്കുന്നത് ഏറെ പ്രയാസകരമായി മാറിയിട്ടുണ്ട്.
വൈകിട്ട് 4.05-ന് പാലക്കാട് നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസിന്റെ സമയം വിദ്യാർത്ഥികൾക്കും ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും ഒട്ടും സൗകര്യപ്രദമല്ല. എറണാകുളം ഭാഗത്തുനിന്നുള്ള യാത്രാക്ലേശവും സമാനമാണ്.
വൈകിട്ട് 5.20-ന് വേണാട് എക്സ്പ്രസ് കടന്നുപോയാൽ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പോകാൻ അടുത്ത ആറ് മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
രാത്രി 7.15-നുള്ള വന്ദേഭാരത് ട്രെയിൻ ഉണ്ടെങ്കിലും ഉയർന്ന നിരക്കും, പരിമിതമായ സ്റ്റോപ്പുകളും, ടിക്കറ്റ് ലഭ്യതക്കുറവും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. നിലമ്പൂർ – കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടണമെന്ന ദീർഘകാല ആവശ്യവും അധികൃതർ പരിഗണിച്ചിട്ടില്ല.
യാത്രക്കാരുടെ നിർദ്ദേശങ്ങൾ യാത്രാ സംഘടനകളുടെ നേതൃത്വത്തിൽ പുതിയൊരു സർവീസിനായുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് നിന്ന് വൈകിട്ട് 5.30-ന് പുറപ്പെട്ട് എറണാകുളം ടൗണിൽ 8.15-നും, കോട്ടയം 9.30-നും, കൊല്ലം 11.15-നും എത്തി, പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന രീതിയിലുള്ള സർവീസാണ് ആവശ്യം.
തിരികെ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 2.30-ന് പുറപ്പെട്ട് രാവിലെ 10.00-ന് മുൻപായി പാലക്കാട് ജങ്ഷനിൽ എത്തുന്ന തരത്തിൽ മറ്റൊരു ട്രെയിനും അനുവദിക്കണമെന്നാണ് ആവശ്യം. ഡിവിഷനുകളുടെ അവഗണന യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ റെയിൽവേ ഡിവിഷനുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ വലിയ വീഴ്ചയാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ചൂണ്ടിക്കാട്ടി.
സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിന് ഡിവിഷനുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂർ പോലെയുള്ള സമീപ ജില്ലകളിൽ നിന്ന് പോലും തൊഴിൽ ആവശ്യങ്ങൾക്കായി പാലക്കാടിനെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

