അമേരിക്കൻ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ആഗോള സാമ്പത്തിക രംഗത്ത് കടുത്ത ആശങ്കകൾ രൂപപ്പെടുന്നു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്ക് മേൽ 100% അധിക തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് ജനപ്രതിനിധി സഭയുടെ അനുമതി ലഭിച്ചു.
സെനറ്റ് നേരത്തെ തന്നെ പാസാക്കിയ ഈ ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരും. മുൻ സെനറ്ററും ട്രംപിന്റെ അടുത്ത സഹകാരിയുമായ ലിൻഡ്സേ ഗ്രഹാം അവതരിപ്പിച്ച ബില്ലാണിത്.
ഇതിനിടെ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. കാനഡയ്ക്ക് ‘അസോസിയേറ്റ് മെമ്പർ’ പദവി നൽകിയാൽ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കുമെന്നും അല്ലെങ്കിൽ യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നുമാണ് മുന്നറിയിപ്പ്.
അതേസമയം, ഇറാൻ-യുഎസ് നേരിട്ടുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാൻ യുദ്ധം വേഗത്തിൽ അവസാനിച്ചേക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം അടുത്ത ആഴ്ച ചർച്ച നടത്തിയേക്കുമെന്നാണ് വിവരം.
പലിശ ഭാരം ഇനിയും കൂടും പ്രതീക്ഷകൾ ശരിവെച്ചുകൊണ്ട് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം ഉയർത്തി 3.75-4 ശതമാനമാക്കി. ഉയർന്ന പണപ്പെരുപ്പം കാരണം ഈ വർഷം വീണ്ടും നിരക്ക് കൂട്ടിയേക്കുമെന്ന് ഫെഡ് ചെയർമാൻ കെവിൻ വാർഷ് വ്യക്തമാക്കി.
പലിശ വർധനയോട് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും, പണപ്പെരുപ്പം നിയന്ത്രിക്കാൻ കർശന നടപടികൾ അനിവാര്യമാണെന്ന നിലപാടിലാണ് സെൻട്രൽ ബാങ്ക്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതെങ്ങനെ? യുഎസിലെ പലിശ വർധന ഇന്ത്യയുടെ സാമ്പത്തിക മേഖലയിലും ശക്തമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കും: ∙ യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നത് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിനെ പ്രതികൂലമായി ബാധിക്കും.
ഇത് രാജ്യത്ത് ഇറക്കുമതി ചെലവും വിലക്കയറ്റവും വർധിപ്പിക്കും.
∙ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ യുഎസ് കടപത്രങ്ങളിലേക്ക് മാറുന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം പിൻവലിക്കപ്പെടുന്നത് തുടരും. ഈ വർഷം മാത്രം വൻ തുകയാണ് വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
∙ ക്രൂഡോയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ആഗോള തലത്തിലുണ്ടായ വിലക്കയറ്റം കനത്ത സാമ്പത്തിക ബാധ്യതയാകും.
∙ യുഎസിന്റെ ചുവടുപിടിച്ച് റിസർവ് ബാങ്കും നിരക്ക് ഉയർത്താൻ നിർബന്ധിതമായാൽ ഭവന, വാഹന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വർധിക്കും.
വിപണികളിലെ തിരിച്ചടി പലിശ നിരക്ക് വർധന പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസ് ഓഹരി വിപണികൾ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് സൂചിക 1.21 ശതമാനവും എസ് ആൻഡ് പി 0.45 ശതമാനവും നാസ്ഡാക് 0.1 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ തുടങ്ങിയ പ്രമുഖ ബാങ്കിങ് ഓഹരികളും കനത്ത തിരിച്ചടി നേരിട്ടു. ഇതിനിടയിൽ ഡീസൽ വില ഗാലന് 6 ഡോളർ കടന്നതും അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് മേൽ അധികഭാരമായിരിക്കുകയാണ്.
മറുവശത്ത്, ഇന്ത്യൻ വിപണി കഴിഞ്ഞ ദിവസം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാല്യു ബയിംഗും എഫ്എംസിജി, ബാങ്കിങ്, ഓട്ടോ ഓഹരികളുടെ മുന്നേറ്റവും സെൻസെക്സ് 3332.63 പോയിന്റ് ഉയർത്തി 74,336.45ൽ എത്തിക്കാൻ സഹായിച്ചു.
നിഫ്റ്റി 99 പോയിന്റ് നേട്ടത്തോടെ 23,217ലും വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും, ആഗോള വിപണിയിലെ തളർച്ചയും ക്രൂഡോയിൽ വിലക്കയറ്റവും വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലും സമ്മർദ്ദം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

