ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിനായി നൽകിയിരുന്ന പ്രത്യേക ഇളവുകൾ ട്രംപ് ഭരണകൂടം റദ്ദാക്കി. ഇതോടെ, രാജ്യാന്തര വിപണിയിൽ എണ്ണ വിൽക്കുന്നതിനായി റഷ്യൻ കമ്പനികൾക്ക് ലഭിച്ചിരുന്ന താൽക്കാലിക അനുമതി ഇല്ലാതായി.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മൂലം ആഗോള എണ്ണ വിപണിയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് യുഎസ് നേരത്തെ 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നത്. കപ്പലുകളിൽ ഇതിനകം കയറ്റി അയച്ച ക്രൂഡോയിൽ വിൽക്കാൻ ഏപ്രിൽ വരെ കാലാവധി നൽകിയിരുന്നു.
തുടർന്ന് ഇത് 30 ദിവസത്തേക്ക് കൂടി നീട്ടി നൽകിയെങ്കിലും, മേയ് 16-ഓടെ കാലാവധി പൂർണ്ണമായും അവസാനിച്ചു. ഇളവ് ഇനി നീട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന് തുല്യമാണ് ഈ ഇളവുകളെന്ന് യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. യുഎസിലെ എണ്ണവില ഗ്യാലന് 4.50 ഡോളർ എന്ന നിരക്കിലേക്ക് ഉയർന്നിട്ടുണ്ട്.
2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 105 ഡോളർ കടന്നിരിക്കുകയാണ്.
ഇറാൻ-യുഎസ് സംഘർഷ സാധ്യതകൾ വില വർധനയ്ക്ക് ആക്കം കൂട്ടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ, ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
മേയിലെ ആദ്യ രണ്ടാഴ്ചകളിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയത്. മാർച്ചിൽ ഇത് 2.25 ദശലക്ഷം ബാരലായിരുന്നു.
റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലവ്റോവും ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ 75 ദിവസത്തേക്ക് കൂടി ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ യുഎസിനോട് അഭ്യർത്ഥിച്ചിരുന്നു.
രാജ്യാന്തര വിപണിയിലെ വിലവർധന ഇന്ത്യയിലെ 140 കോടി ജനങ്ങളെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യത്തിൽ യുഎസിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പ്രതിസന്ധി നേരിടാൻ വെനസ്വേല, ഒമാൻ, ബ്രസീൽ, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. വെനസ്വേലയിൽ നിന്നുള്ള ഇറക്കുമതി മാർച്ചിലെ പ്രതിദിനം ഒരു ലക്ഷം ബാരലിൽ നിന്ന് മേയിൽ 3.93 ലക്ഷം ബാരലായി ഉയർന്നു.
യുഎസിൽ നിന്നുള്ള ഇറക്കുമതിയിലും മാർച്ചിനെ അപേക്ഷിച്ച് വർധനയുണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

