കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ രൂക്ഷവിമർശനം. സംസ്ഥാന സെക്രട്ടറി പാർട്ടി തീരുമാനങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കുന്നതിൽ വ്യക്തതയില്ലെന്നും, പല കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലല്ല അവതരിപ്പിക്കുന്നതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഇത്തരം ശൈലി പരിഹാസ്യമാണെന്നും, ഇത് മാറ്റിയാൽ മാത്രമേ പാർട്ടിക്കു മുന്നോട്ടുപോകാൻ സാധിക്കൂ എന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. നേതാക്കളുടെ പ്രവർത്തനശൈലി പാർട്ടിക്കു തിരിച്ചടിയായതായി യോഗത്തിൽ വിലയിരുത്തലുണ്ടായി.
തളിപ്പറമ്പിൽ പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉയർന്ന എതിർപ്പുകളെ അവഗണിച്ചത് വലിയ രാഷ്ട്രീയ തിരിച്ചടിയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കുന്നുവെന്ന തോന്നൽ പാർട്ടി അണികൾക്കിടയിൽ ഉണ്ടായതും, അതു മുൻകൂട്ടി കാണാൻ കഴിയാത്തതും വീഴ്ചയായി കണക്കാക്കുന്നു.
തോൽവിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്ന പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ വിലയിരുത്തലിനെതിരെയും പരോക്ഷ വിമർശനമുയർന്നു. പാർട്ടിയുടെ അടിത്തറ ഭദ്രമാണെന്ന് വോട്ട് കണക്കുകൾ നിരത്തി നേരത്തെ നടത്തിയ അവകാശവാദങ്ങൾ ശാസ്ത്രീയമായിരുന്നില്ലെന്ന് അംഗങ്ങൾ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നടത്തിയ വിലയിരുത്തലുകൾ പാളിയെന്നും, അന്ന് കൃത്യമായ അപഗ്രഥനം നടത്തിയിരുന്നെങ്കിൽ ഇപ്പോഴുണ്ടായ അടിയൊഴുക്കുകൾ തടയാമായിരുന്നുവെന്നും യോഗത്തിൽ നിരീക്ഷണമുണ്ടായി. നിരന്തരമായ ഗൃഹസമ്പർക്ക പരിപാടികൾ നടത്തിയിട്ടും ജനങ്ങളുടെ നിലപാട് തിരിച്ചറിയുന്നതിൽ നേതൃത്വം പരാജയപ്പെട്ടത് നേതാക്കൾ അണികളിൽനിന്ന് അകന്നതുകൊണ്ടാണെന്ന് വിമർശനമുയർന്നു.
പാർട്ടിയുമായി അകന്നവരെ തിരിച്ചുകൊണ്ടുവരാൻ അടിയന്തര നടപടികൾ വേണമെന്നും, നേതാക്കൾ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലയിലെ കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗം ഇന്നും തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

