ആലപ്പുഴ: കളപ്പുര ഘണ്ടാകർണ്ണ ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൊള്ളേത്തൈ കണിയാപറമ്പ് വീട്ടിൽ രവീന്ദ്രൻ (62) ആണ് മരിച്ചത്.
സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ഈ മാസം മൂന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ക്ഷേത്രത്തിൽ കൂലിപ്പണിക്കെത്തിയ രവീന്ദ്രനെ സ്റ്റോർ റൂം വൃത്തിയാക്കാൻ ഏൽപ്പിച്ചിരുന്നു. സ്റ്റോർ റൂമിൽ നിന്നും ശേഖരിച്ച മാലിന്യങ്ങളും അവശിഷ്ടങ്ങളും ക്ഷേത്ര പരിസരത്തെ ഒരു കുഴിയിൽ നിക്ഷേപിക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.
മാലിന്യങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകശേഷിയുള്ള പടക്കമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ രവീന്ദ്രന്റെ മുഖത്തും ശരീരത്തിലും മാരകമായി പരിക്കേറ്റിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അലക്ഷ്യമായാണ് സ്ഫോടകവസ്തുക്കൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. അപകടകരമായ വസ്തുക്കൾ ഉള്ള കാര്യം തൊഴിലാളികളെ അറിയിക്കുന്നതിൽ വീഴ്ച പറ്റി.
രവീന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളുടെ അനാസ്ഥയാണോ അപകടത്തിന് കാരണമെന്നതിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

