സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്നു. കണ്ണൂർ വിപണിയിൽ പലവ്യഞ്ജന വില റോക്കറ്റ് കണക്കെയാണ് ഉയരുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിട്ടറിയാൻ കടകളിലെ വിലനിലവാരം പരിശോധിച്ചാൽ മതിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രധാന ധാന്യങ്ങളിൽ തുവരപ്പരിപ്പിനാണ് ഏറ്റവും പെട്ടെന്ന് വില വർധിച്ചത്.
വെറും ഒരാഴ്ചയ്ക്കുള്ളിൽ 120 രൂപയിൽ നിന്ന് ഇത് 170 രൂപയിലെത്തി. മറ്റ് പ്രധാന ധാന്യങ്ങളുടെ വിപണി നിരക്ക് ഇങ്ങനെയാണ്: ചെറുപയർ 140 രൂപ, കടല 130 രൂപ, വൻപയർ 120 രൂപ എന്നിങ്ങനെയാണ് വില.
ഇതിൽ 90 രൂപയിൽ നിന്നാണ് കടല വില 130 രൂപയിലേക്ക് എത്തിയത്. ഉഴുന്നിന്റെയും വൻപയറിന്റെയും വിലയും നിരന്തരം ഉയരുകയാണ്.
അരിവിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. പൊന്നി അരിക്ക് 84 രൂപയാണ് വില.
60 രൂപയിൽ നിന്നാണ് പൊന്നി അരിക്ക് ഇത്രയും വർധനവുണ്ടായത്. ജവഹർ കുറുവ അരിക്ക് 48 രൂപയും, കൈമ അരിക്ക് 210 രൂപയും നൽകേണ്ടി വരുന്നു.
കൈമ അരിയുടെ ഉയർന്ന വില കഴിഞ്ഞ മാസങ്ങളായി തുടരുകയാണ്. മസാലക്കൂട്ടങ്ങളുടെയും വിലക്കയറ്റം കുടുംബബജറ്റിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.
230 രൂപയുണ്ടായിരുന്ന വറ്റൽ മുളകിന് 360 രൂപയായാണ് കുതിച്ചുയർന്നത്. മല്ലി 150 രൂപയിൽ നിന്ന് 210 രൂപയായും, മഞ്ഞൾ 180 രൂപയിൽ നിന്ന് 300 രൂപയായും വർധിച്ചു.
പഞ്ചസാര വിലയും വീണ്ടും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഓണക്കാലത്ത് 70 രൂപയായിരുന്ന പഞ്ചസാര പിന്നീട് 50 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും, നിലവിൽ മൊത്തവിപണിയിൽ 54 രൂപയാണ് വില വരുന്നത്.
ചില സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും മറ്റു ചിലയിടങ്ങളിൽ മഴ കുറഞ്ഞതുമാണ് ഈ വ്യാപക കൃഷിനാശത്തിനും വിലക്കയറ്റത്തിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പലവ്യഞ്ജനങ്ങൾക്ക് പുറമെ പച്ചക്കറികളുടെയും മീനിന്റെയും വിലയും സമീപത്തൊന്നും കുറയാത്തത് സാധാരണക്കാരുടെ അടുക്കള ബജറ്റ് ഇരട്ടിയാക്കി മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

