രാജ്യതലസ്ഥാനത്ത് ഇന്ന് സംഘടിപ്പിക്കുന്ന ‘ലെഹ്രാ ദോ തിരംഗ’ റാലിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഇന്നും നാളെയും പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല.
ഭരണപരമായ കാരണങ്ങളാലാണ് ഈ നിയന്ത്രണമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) വ്യാഴാഴ്ച വ്യക്തമാക്കിയത്. വെള്ളിയാഴ്ചയിലെ പ്രതിഷേധ പരിപാടി തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
ക്രമസമാധാനം പൂർണ്ണമായും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുകൂടാനാണ് സിജെപി നേതാക്കളുടെ ആഹ്വാനം.
സംഘടനയുടെ നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഈ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ചാണ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ ഇരുവരെയും തിഹാർ ജയിലിലാണ് അടച്ചിരിക്കുന്നത്. ജന്തർമന്തറിൽ പ്രതിഷേധങ്ങൾക്ക് അനുമതിയില്ലെന്നും രാംലീല മൈതാനം, ബുരാരി മൈതാനം, സിബിഡി മൈതാനം എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്നും ഡൽഹി പോലീസ് നേരത്തെ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഈ ഉത്തരവ് ലംഘിച്ച് ജന്തർമന്തറിൽ അതിക്രമിച്ചു കയറിയതിനാണ് നടപടി. അതേസമയം, വ്യാഴാഴ്ച രാത്രി ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അഭിജിത് ദിപ്കെ രൂക്ഷ വിമർശനം ഉന്നയിച്ചു.
ദേശീയ പതാകയേന്തി പ്രകടനം നടത്തുന്നതിന് ഡൽഹി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. ദേശീയ പതാകയിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

