പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് വൈദ്യുതി ജോലിക്കിടെ കരാർ തൊഴിലാളി ദാരുണമായി മരിച്ചു. തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരാകുറുശ്ശിയിലാണ് അപകമുണ്ടായത്.
മണ്ണാർക്കാട് നൊട്ടമല ചീളിപാടം സ്വദേശി ബഷീർ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 6:30-ഓടെ തെരുവ് വിളക്കിനായി വൈദ്യുതി ലൈൻ വലിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഷോക്കേറ്റത്.
അതേസമയം, കടുത്ത വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ഇന്നും രാത്രി നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യകതയിൽ 900 മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കി.
രാജ്യത്താകെ വൈദ്യുതി ഉപഭോഗം വർധിച്ചതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്ക് കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും മൂലം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് ഇപ്പോഴുള്ളത്.
ഈ സാഹചര്യത്തിൽ മധ്യപ്രദേശിൽ നിന്ന് ഇന്നും കടമായി വൈദ്യുതി ലഭ്യമായിട്ടില്ല. ഗ്രിഡ് ഫ്രീക്വൻസിയിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി നൽകിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ്.

