രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള കടുത്ത നന്ദികേട് പലപ്പോഴും വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ടെന്ന് വ്യക്തമാക്കി സാമൂഹമാധ്യമത്തിൽ വൈകാരിക കുറിപ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.രാജേഷ് ഗോപാലൻ നായർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആൻജിയോഗ്രാമും മറ്റ് ചികിത്സകളും നൽകുന്ന രണ്ടാമത്തെ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ഹൃദ്രോഗവിഭാഗത്തിൽ മാത്രമല്ല, മെഡിക്കൽ രംഗത്തെ ഏത് വിഭാഗത്തിലെ ചികിത്സകളും ഉയർന്ന തോതിൽ അപകടം നിറഞ്ഞതാണ്.
സങ്കീർണതകൾ ഇല്ലാത്ത ഒരു ചികിത്സയോ പരിശോധനയോ ഇവിടെയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ആൻജിയോഗ്രാമിന് വിധേയനായ ഒരു രോഗിക്ക് നാല് ബ്ലോക്കുകൾ കണ്ടെത്തുകയുണ്ടായി.
തുടർന്ന് ബൈപാസ് സർജറി നിർദ്ദേശിച്ച ഈ രോഗിയുടെ ആൻജിയോഗ്രാം നടപടികൾക്ക് ശേഷം കത്തീറ്റർ വലതുകയ്യിലെ റേഡിയൽ ധമനിയിൽ നിന്ന് മടക്കി തിരികെ എടുക്കാൻ പറ്റാത്ത വിധം സങ്കീർണ്ണമായ സ്ഥിതിയുണ്ടായി. താൻ നേരിട്ട് പലവിധ സാങ്കേതിക വിദ്യകൾ പ്രയോഗിച്ചിട്ടും കത്തീറ്റർ തിരികെ എടുക്കാൻ സാധിച്ചില്ല.
ഒടുവിൽ കാർഡിയാക് സർജറി അസിസ്റ്റന്റ് പ്രൊഫസർ രക്തധമനി തുറന്നാണ് കത്തീറ്റർ പുറത്തെടുത്തത്. ബൈപാസ് സർജറിക്കായി ഒൻപതിനൂറിലധികം രോഗികൾ ഇവിടെ കാത്തുനിൽക്കുന്നുണ്ട്.
എന്നാൽ ഈ രോഗിക്ക് ഇടത് പ്രധാന ധമനിയിൽ ബ്ലോക്ക് ഉള്ളതിനാൽ സർജറി തീയതി നേരത്തെ ആക്കണം എന്ന് ഹൃദ്രോഗ സർജറി വിഭാഗം മേധാവിയോട് താൻ പ്രത്യേകം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നിന്ന് രോഗിയുടെ ഭാര്യയുടെ പരാതിയെത്തിയെന്നും, ചികിത്സയിൽ സങ്കീർണതകൾ ഉണ്ടായതിന് നടപടി വേണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
സ്വകാര്യ പ്രാക്ടീസ് ചെയ്യാതെ, ആരുടെ കൈയ്യിൽ നിന്നും ഒരു നയാപൈസ പോലും വാങ്ങാതെ, രാവിലെ എട്ടുമണി മുതൽ ആശുപത്രിയിൽ വന്ന് കഷ്ടപ്പെടുന്നതിന് ലഭിക്കുന്ന ഇത്തരം പ്രതികരണങ്ങൾ ചിലപ്പോൾ തനിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. പൂജാമുറിയുടെ മുന്നിൽ നിൽക്കുമ്പോഴും ക്ഷേത്രങ്ങളിൽ പോകുമ്പോഴും തന്റെ പ്രാർഥന ഒരേയൊരു കാര്യമാണ്.
താങ്ങാൻ പറ്റാത്തതൊന്നും വരരുതേ, തന്റെ കൈകൊണ്ട് മറ്റാർക്കും അറിഞ്ഞോ അറിയാതെയോ ഒരു ദ്രോഹവും വരരുതേ എന്നുള്ളതാണ്. ഈ തൊഴിൽ ഇപ്പോൾ മടുത്തു തുടങ്ങി.
ഇനി നാല് വർഷം കൂടി ബാക്കിയുണ്ട്. അത് ഓർക്കാൻ പോലും വയ്യ.
തനിക്ക് പഠിപ്പിക്കാൻ ഇഷ്ടമായതുകൊണ്ട് മാത്രമാണ് ഈ ജോലിയിൽ ഇപ്പോഴും തുടരുന്നത്. ശൈത്യകാലത്തെ തണുപ്പ് എത്ര കഠിനമായി വീശിയടിച്ചാലും അത് മനുഷ്യന്റെ നന്ദികേടിനെക്കാൾ ക്രൂരമല്ല എന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്താണ് ഡോക്ടറുടെ കുറിപ്പ് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

