നെടുമങ്ങാട് ∙ വഴയില–പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ ഏർപ്പെടുത്തിയിരുന്ന വലിയ വാഹനങ്ങളുടെ ഗതാഗത നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. 15 മുതൽ വഴയിലയിൽ നിന്ന് നെടുമങ്ങാട്ടേക്കു സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി, സിറ്റി ഫാസ്റ്റ്, ജൻറം ബസുകൾ വഴയില, കരകുളം പാലം, കാച്ചാണി, എട്ടാംകല്ല് വഴി സർവീസ് പുനരാരംഭിച്ചു.
ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് രാത്രി 8 മുതൽ രാവിലെ 6 വരെ ഈ വഴി സഞ്ചരിക്കാൻ അനുവാദമുണ്ട്. എന്നാൽ പകൽ സമയങ്ങളിൽ ഇവ കല്ലയം, ശീമമുളമുക്ക്, വേങ്കോട് വഴി മുൻപ് സർവീസ് നടത്തിയ അതേ പാതയിലൂടെ തന്നെ പോകണം.
ഗതാഗത നിയന്ത്രണത്തെ തുടർന്ന് പേരൂർക്കടയിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള ബസുകൾ വഴയിലയിൽ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. ഇത് ഏണിക്കര, കരകുളം, കെൽട്രോൺ ജംക്ഷൻ, അഴിക്കോട്, മരുതിനകം, പത്താംകല്ല് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നെടുമങ്ങാട്ടേക്ക് യാത്ര ചെയ്യുന്ന ജനങ്ങൾക്ക് രൂക്ഷമായ യാത്രാക്ലേശത്തിന് കാരണമായിരുന്നു.
തുടർന്ന് യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. റോഡിന് കുറുകെ കടന്നുപോകുന്ന ശുദ്ധജല പൈപ്പ് ലൈനുകൾ ഉള്ള മൂന്ന് സ്ഥലങ്ങളിൽ പൈലിങ് ജോലികൾ നടത്തി കോൺക്രീറ്റ് കവചം നിർമിക്കുന്നതിനായാണ് നാല് മാസം മുൻപ് വഴയില മുതൽ കരകുളം പാലം വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ആറാംകല്ലിൽ പൈലിങ് ജോലികൾ അവസാന ഘട്ടത്തിലാണ്. കരകുളം പഞ്ചായത്ത് ഓഫിസിന് സമീപത്തെ പൈലിങ് ജോലികൾ 50 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.
എന്നാൽ വൈദ്യുതി വകുപ്പ് അധികൃതർ ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കാൻ വൈകിയതാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങളുടെ വേഗത കുറയാൻ ഇടയാക്കിയത്. അതേസമയം, ഏണിക്കരയിൽ പൈലിങ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
കരകുളം മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എട്ടാംകല്ല് മുതൽ കരകുളം പാലം വരെ രണ്ടര വർഷത്തോളമായി ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

