പുസ്തകങ്ങളുടെ ശേഖരണത്തിനപ്പുറം ഒരു നാടിന്റെ തന്നെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് നേതൃത്വം നൽകുകയാണ് വയനാട് ജില്ലയിലെ തേറ്റമലയിൽ പ്രവർത്തിക്കുന്ന സംഘ ചേതന ഗ്രന്ഥശാല. പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഒരിടം എന്നതിൽ നിന്നു മാറി പിഎസ്സി പരിശീലനം ഒരുക്കിയും വായിച്ചു പഠിപ്പിച്ചും ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴി കാട്ടുകയാണു ഇതിന്റെ പ്രധാന പ്രവർത്തനം.
ഒരു കാലത്ത് പിന്നാക്ക പ്രദേശമായിരുന്ന ഇവിടത്തെ മനുഷ്യരിൽ ഭൂരിഭാഗവും തേയില തോട്ടങ്ങളിൽ ജോലി ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. പ്രദേശം പുരോഗതി ആഗ്രഹിച്ചിരുന്നെങ്കിലും വഴി കാണിക്കാൻ ആളില്ലാതായത് ഗ്രാമത്തെ ഏറെ കാലം പിന്നോട്ട് നടത്തി.
ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ 2006ൽ ഗ്രന്ഥശാല പിറവിയെടുക്കുന്നത്. നാട്ടിൽ സർക്കാർ ജീവനക്കാരും പ്രഫഷനലുകളും വേണമെന്ന് മറ്റെല്ലാവരെയും പോലെ ഗ്രന്ഥശാല കൂട്ടായ്മയും തീരുമാനിച്ചു.
അതിന് എന്തെല്ലാം ആവശ്യമാണോ അവയെല്ലാം ഗ്രന്ഥശാല ഒരുക്കുകയായിരുന്നു. ഒപ്പം വിദ്യാർഥികൾക്ക് റഫറൻസിനും ആവശ്യമായ പുസ്തകങ്ങളും ഒരുക്കി.
ഒരു സർക്കാർ ജീവനക്കാരൻ മാത്രം ഉണ്ടായിരുന്ന തേറ്റമല ഗ്രാമത്തിൽ ഇന്ന് 75 പേർ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ അണിയറയിൽ പ്രവർത്തിച്ചത് തീർത്തും ഈ ഗ്രന്ഥാലയമാണ്. അന്നു തുടങ്ങിയ പരിശ്രമങ്ങൾ നാട്ടുകാർ ആഗ്രഹിച്ച തലത്തിലേക്ക് നാടിനെ എത്തിക്കാൻ വഴി വച്ചു.
വായനശാലയോടൊപ്പം തന്നെ സ്വാശ്രയ സംഘം, പാലിയേറ്റീവ് കെയർ, വയോജന വേദി, വനിതാ വേദി , ഫുട്ബോൾ പരിശീലനം അടക്കം നാടിന് ആവശ്യമായ എല്ലാ മേഖലകളിലും നേതൃത്വം ആയി മാറുകയാണ് ഈ ഗ്രന്ഥശാല. നാടിനെ ഉന്നതങ്ങളിൽ എത്തിക്കുമ്പോഴും സ്വയം ഉയർച്ച സാധ്യമാകാതെ ഇന്നും വാടക കെട്ടിടത്തിലെ പരിമിതമായ സ്ഥലത്താണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്.
അതിനൊരു മോചനം വേണമെന്നാണ് അണിയറ പ്രവർത്തകരുടെ ആവശ്യം. പ്രസിഡന്റ് കെ.പി.
ഹാരിസ്, സെക്രട്ടറി കെ. അൻവർ, ആർ.വി.
കുഞ്ഞിക്കൃഷ്ണൻ, പി.കെ. യൂനുസ്, പി.കെ.
സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രന്ഥശാല ഇപ്പോൾ പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

