ഞായറാഴ്ച കഞ്ഞിക്കുഴിയിൽ നടന്ന വിവാഹത്തിൽ കേറ്ററിങ് സംഘം കയ്യെഴിഞ്ഞതിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയും, പിന്നീട് മന്ദിരം കഫേ ഉടമ ജൂബിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ച അനുഭവവും വ്യക്തമാക്കുന്നു. ‘11 മണിയോടെയാണ് ആ വിളി വരുന്നത്.
അത്യാവശ്യമായി 250 പേർക്കുള്ള ഭക്ഷണം വേണം. പറഞ്ഞേൽപ്പിച്ചിരുന്ന കേറ്ററിങ് സംഘം വന്നില്ല… വെള്ളം പോലും ഇല്ലാത്ത അവസ്ഥയിലാണ്.
നല്ല തിരക്കുള്ളതിനാൽ പറ്റില്ലെന്നാണ് ആദ്യം പറഞ്ഞത്. ഉച്ചയ്ക്ക് 1,500 പേർക്കും വൈകിട്ട് 250 പേർക്കുമുള്ള ഭക്ഷണം ഉണ്ടാക്കേണ്ട
തിരക്കിലായിരുന്നു പണിക്കാർ…’ എന്ന് ജൂബി പറയുന്നു. ‘പക്ഷേ പിന്നീട് രണ്ട് പ്രാവശ്യം കൂടി വിളി വന്നു.
ഒരു വഴിയുമില്ല, എല്ലാവരും വിഷമിച്ചിരിക്കുകയാണ്. സദ്യ തന്നെ വേണമെന്നില്ല എന്തെങ്കിലും തന്നാൽ മതി എന്ന് പറഞ്ഞു.
അവരുടെ അവസ്ഥ ആലോചിച്ചപ്പോൾ നോക്കട്ടെ എന്ന് പറയേണ്ടി വന്നു. ഉടൻ തന്നെ അടുക്കളയിൽ വന്ന് തൊഴിലാളികളുമായി സംസാരിച്ചപ്പോൾ ആദ്യം എങ്ങനെയാണെന്ന സംശയം ഉന്നയിച്ചെങ്കിലും പിന്നീട് 100 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.
അവരുടെ അവസ്ഥ പറഞ്ഞപ്പോൾ ഷെഫ് കുതറത്ത് അലി ബിരിയാണി തായാറാക്കാനുള്ള ധൈര്യം കാണിച്ച് മുന്നോട്ടു വന്നു. ആ സമയത്ത് ചിക്കൻ കൈവശം ഉണ്ടായിരുന്നില്ല.
പിന്നീട് എല്ലാം പെട്ടെന്ന് എത്തിച്ച് ഭക്ഷണം പാകം ചെയ്ത് 12.45ന് തന്നെ വാഹനത്തിൽ കയറ്റി അയച്ചു. എങ്ങനെയാണ് അതിന് സാധിച്ചത് എന്ന് ചോദിച്ചാൽ ഇപ്പോഴും അറിയില്ല.
ആ വീട്ടുകാരുടെ പ്രാർഥന കേട്ട് ദൈവം പ്രവർത്തിച്ചു എന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അതിനെക്കാൾ അതിശയം എന്താണെന്ന് വച്ചാൽ, ഈ ഭക്ഷണം ചോദിച്ച് വിളിച്ച സുഹൃത്ത് ആകാശ്, അടുത്തകാലത്തൊന്നും ഇത്ര നല്ല ബിരിയാണി കഴിച്ചിട്ടില്ലെന്ന് പറഞ്ഞു.
ആ കുടുംബവും വിവാഹ ആഘോഷങ്ങൾ കഴിഞ്ഞ് കഫേയിൽ വന്നിരുന്നു. ഭക്ഷണം ഉണ്ടാക്കിയ ഷെഫിനെ കണ്ടു കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞിട്ടാണ് മടങ്ങിയത്.’ പണ്ട് എനിക്കും ഇങ്ങനെ ഒരു അബദ്ധം പറ്റിയിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു.
ഭക്ഷണം എത്തിക്കേണ്ട സമയം മാറി പോയി.
ഭക്ഷണം ഉച്ചയ്ക്ക് വേണം എന്നാണ് അവര് പറഞ്ഞത്. പക്ഷേ വൈകിട്ട് എന്നാണ് എഴുതിയത്.
ഭക്ഷണം കിട്ടാതായപ്പോൾ അവർ വിളിച്ചു. അപ്പോഴാണ് സമയം മാറി പോയ കാര്യം മനസ്സിലാക്കുന്നത്.
അന്ന് അവരോട് ഒരു മണിക്കൂർ സമയമാണ് ഞാൻ ചോദിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 200 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി നൽകാനും അന്നും സാധിച്ചിരുന്നു.
‘ഏകദേശം 43 വർഷമായി ഈ ഫീൽഡിലുണ്ട്. 1983ൽ മന്ദിരം ആശുപത്രിയുടെ ക്യാന്റീനിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.
നിലവിൽ മെഡിക്കൽ സെന്റർ ഉൾപ്പെടെ പല ആശുപത്രികളുടെയും കോളജുകളുടെ ക്യാന്റീൻ നടത്തുന്നുണ്ട്. സിനിമ സെറ്റുകളിൽ പ്രൊഡക്ഷൻ ഫുഡ് എത്തിക്കുന്നു.
ഒരുപാട് വർക്ക് എന്നതല്ല, നല്ല ഗുണമേന്മയിൽ ഭക്ഷണം നൽകാനാണ് എപ്പോഴും ശ്രമിക്കുന്നത് ’ – അദ്ദേഹം പറഞ്ഞു. കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിനു ഭക്ഷണം, സ്റ്റേജ് തുടങ്ങിയ കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നൽകിയത്.
ഇതിൽ സ്റ്റേജ് സൗണ്ട് തുടങ്ങിയ കാര്യങ്ങൾ കരാറുകാർ തന്നെ മറ്റൊരാളെ ഏൽപിച്ചിരുന്നു. വെൽക്കം ഡ്രിങ്ക് ഉൾപ്പെടെ ഭക്ഷണം എത്താതിതോടെ ഇവരുമായി ബന്ധപ്പെട്ടപ്പോൾ, ഈരാറ്റുപേട്ടയിൽനിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽപെട്ടുവെന്നും മറ്റൊരു വാഹനത്തിൽ ഉടൻ എത്തുമെന്നും അറിയിച്ചു.
പിന്നീട് വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നും പറയുകയായിരുന്നു. അതേദിവസം, മുണ്ടക്കയം ചോറ്റിയിൽ നടന്ന വിവാഹ ചടങ്ങിലും ഭക്ഷണം എത്തിച്ചില്ല.
മുണ്ടക്കയം ചോറ്റിയിൽ നടന്ന വിവാഹത്തിൽ പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയുടെ കരാറാണു നൽകിയത്. വിവാഹത്തലേന്നത്തെ ഭക്ഷണത്തിന്റെ ഓർഡറും ഇവർക്കായിരുന്നു.
തലേ ദിവസത്തെ ഭക്ഷണം വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ ചോറ്റിയിലെ വിവാഹച്ചടങ്ങിൽ കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല.
ഇതേത്തുടർന്ന് കേറ്ററിങ് സംഘത്തെ വിളിച്ചെങ്കിലും ഉടനെ എത്തുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെത്തുടർന്ന് വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കോൾ എടുക്കാതെയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

