വെച്ചൂച്ചിറയിൽ രൂക്ഷമായ വേനലിനെ തുടർന്ന് പമ്പാനദിയിൽ നീരൊഴുക്ക് പൂർണ്ണമായി നിലച്ചത് ജലവിതരണ പദ്ധതിയുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചു. ഈ പ്രതിസന്ധി തുടർന്നാൽ പ്രദേശത്തെ കുടിവെള്ള വിതരണം പൂർണ്ണമായും സ്തംഭിക്കുമെന്നാണ് ആശങ്ക.
പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിൽ നിർമിച്ചിട്ടുള്ള തടയണയാണ് ജലക്ഷാമത്തിന് പ്രധാന കാരണമായി മാറിയിരിക്കുന്നത്. ആറ്റിലൂടെ ഒഴുകിയെത്തുന്ന ജലം മുഴുവൻ തടയണയിൽ സംഭരിക്കുകയും, തുടർന്ന് 500 മീറ്റർ നീളമുള്ള കനാലിലൂടെ പവർ ഹൗസിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.
വൈദ്യുതി ഉൽപാദനത്തിന് ശേഷം പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് 100 മീറ്റർ താഴെയായാണ് ജലം വീണ്ടും ആറ്റിലേക്ക് ഒഴുക്കിവിടുന്നത്. തടയണയ്ക്കും പവർ ഹൗസിനും ഇടയിലുള്ള 600 മീറ്റർ ദൂരത്തിൽ ആറ്റിൽ നിലവിൽ നീരൊഴുക്ക് തീർത്തുമില്ല.
പാറയിടുക്കുകളിൽ നിന്ന് വെള്ളമെടുക്കുന്നു
പെരുന്തേനരുവി വെള്ളച്ചാട്ടത്തോട് ചേർന്നാണ് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നത്. ജലൊഴുക്ക് പൂർണ്ണമായി നിലച്ച പ്രദേശമാണിത്.
മുൻകാലങ്ങളിൽ വേനൽക്കാലത്തും ആറ്റിലൂടെ ആവശ്യത്തിന് വെള്ളം ഒഴുകിയെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പേരിന് മാത്രമാണ് ജലമെത്തുന്നത്.
പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന അൽപ്പം വെള്ളമാണ് നിലവിൽ പൈപ്പുകൾ വഴി കിണറ്റിലെത്തിക്കുന്നത്. മഴക്കാലത്ത് ഇതിലൂടെ ചെളിയും മണലും വിവിധ മാലിന്യങ്ങളും കിണറ്റിലേക്ക് ഒഴുകിയെത്താറുണ്ട്.
ഇത് കിണറിന്റെ സംഭരണശേഷി ഗണ്യമായി കുറയ്ക്കുന്നു. തുടർന്ന് മണലും ചെളിയും നീക്കം ചെയ്ത ശേഷമാണ് പമ്പിങ് നടത്തുന്നത്.
ഉയർന്ന പ്രദേശമായതിനാൽ ദുരിതം ഇരട്ടിയാണ്
റാന്നി താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിലൊന്നാണ് വെച്ചൂച്ചിറ. ചെറിയ തോതിൽ വേനൽ കടുത്താൽ പോലും ഇവിടത്തെ കിണറുകൾ വേഗത്തിൽ വറ്റിപ്പോകും.
തുടർന്ന് കുടിവെള്ളത്തിനായി ജലവിതരണ പദ്ധതിയെ മാത്രമാണ് നാട്ടുകാർ ആശ്രയിക്കുന്നത്. പദ്ധതി പ്രവർത്തിക്കുമ്പോൾ പോലും ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പലരും വെള്ളം വിലകൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥയുണ്ട്.
പദ്ധതിയിൽ നിന്നുള്ള ജലവിതരണം പൂർണ്ണമായി നിലച്ചാൽ ഭൂരിഭാഗം ജനങ്ങളും കടുത്ത സാമ്പത്തിക ബാധ്യതയിലൂടെ വെള്ളം കണ്ടെത്തേണ്ടി വരും. എന്നാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ജല അതോറിറ്റിയോ ജലവിഭവ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

