കഴിഞ്ഞ വർഷത്തെ അപ്രതീക്ഷിത വിജയചിത്രമായിരുന്നു ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത് ആസിഫ് അലി-അപർണ ബാലമുരളി ജോഡി ഒന്നിച്ച ‘കിഷ്കിന്ധാകാണ്ഡം’. ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന ‘മിറാഷ്’ എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.
കിഷ്കിന്ധാകാണ്ഡത്തിന് ലഭിച്ച മികച്ച വിജയത്തിന്റെ സന്തോഷം അപർണ ബാലമുരളി newskerala.net-നോട് പങ്കുവെക്കുന്നു. ‘കിഷ്കിന്ധാകാണ്ഡത്തിന്റെ ചിത്രീകരണ സമയത്ത് പോലും ഇത്ര ഗൗരവമുള്ള ഒരു സിനിമയാണ് ഒരുങ്ങുന്നതെന്ന സൂചന ലഭിച്ചിരുന്നില്ല.
ദിൻജിത് ചേട്ടനും ബാഹുൽ ചേട്ടനുമെല്ലാം വളരെ സൗഹൃദപരമായാണ് ഇടപെട്ടിരുന്നത്. കഥ പറഞ്ഞപ്പോഴും വളരെ ലളിതമായിരുന്നു.
സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് അത്രയും സങ്കീർണ്ണമായ ഒരു തിരക്കഥ എത്ര ലളിതമായാണ് അവർ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതെന്ന് മനസ്സിലായത്. ഓണം പോലൊരു ഉത്സവകാലത്ത് കിഷ്കിന്ധാകാണ്ഡം നേടിയ വിജയം വലിയൊരു മാറ്റത്തിന് കാരണമായി.
വർഷങ്ങൾക്ക് ശേഷം എന്റെ ഒരു സിനിമ തിയേറ്ററുകൾ നിറച്ചു കാണുന്നത് കിഷ്കിന്ധാകാണ്ഡത്തിലൂടെയാണ്. ക്ലൈമാക്സിൽ കുട്ടേട്ടനെ ഇക്ക കെട്ടിപ്പിടിക്കുന്ന രംഗം കണ്ട് ഞാനും അമ്മയും ഒപ്പമുണ്ടായിരുന്നവരുമെല്ലാം കരഞ്ഞുപോയി.
ആ രംഗം എപ്പോൾ കണ്ടാലും ഒരു നൊമ്പരമാണ്. ഒരു കഥ കേൾക്കുമ്പോൾ എന്നെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിൽ ആ സിനിമയുടെ ഭാഗമാകാൻ ഞാൻ ശ്രമിക്കാറുണ്ട്.’ – അപർണ ബാലമുരളി പറഞ്ഞു.
ചർച്ച ചെയ്യപ്പെട്ട ആ വൈകാരിക രംഗം ചിത്രീകരിക്കുന്ന സമയത്ത് താനും കുട്ടേട്ടനും തമാശകൾ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്ന് ആസിഫ് അലിയും വെളിപ്പെടുത്തി.
‘സൺഡേ ഹോളിഡേ’, ‘ബി ടെക്ക്’, ‘തൃശ്ശിവപേരൂർ ക്ലിപ്തം’ തുടങ്ങിയ സിനിമകളിലും ആസിഫ് അലി-അപർണ ബാലമുരളി കൂട്ടുകെട്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഓഫ് സ്ക്രീനിൽ തങ്ങളെ കൂടുതൽ അടുപ്പിക്കുന്നത് ഭക്ഷണത്തോടുള്ള ഇഷ്ടമാണെന്നും ഇരുവരും പറയുന്നു.
മികച്ച ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങൾ പരസ്പരം പങ്കുവെക്കുകയും അവിടെപ്പോയി കഴിക്കുകയും ചെയ്യാറുണ്ടെന്ന് അപർണ കൂട്ടിച്ചേർത്തു. ഇരുവരും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം ‘മിറാഷ്’ സെപ്റ്റംബർ 19-ന് തിയേറ്ററുകളിലെത്തും.
ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

