സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രഖ്യാപിച്ച സുരക്ഷാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇ വിമാനക്കമ്പനികളുടെ സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ദുബായിയുടെ ഫ്ലൈദുബായ് ഈ മാസം 14 വരെ റിയാദിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു.
എത്തിഹാദ് എയർവേയ്സ് നാളെ വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതിനെ തുടർന്ന് എത്തിഹാദിന്റെ എട്ട് സർവീസുകളാണ് തടസ്സപ്പെടുക.
വിമാനത്താവളത്തിലുണ്ടായ ആക്രമണത്തെ തുടർന്ന് യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതര വിമാനത്താവളങ്ങൾ വഴി യാത്രകൾ തുടരുന്നതിനുള്ള സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ആക്രമണമുണ്ടായി. 12 പേരുടെ മരണത്തിടയാക്കിയ മുൻ ദിവസത്തെ ആക്രമണത്തിന് പിന്നാലെയാണ് ഇന്ന് വൈകീട്ടോടെ വിമാനത്താവളത്തിന് നേരെ വീണ്ടും ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തത്.
പാസഞ്ചർ ടെർമിനൽ നാലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൗദി അറേബ്യൻ സേന സ്ഥിരീകരിച്ചു. ആക്രമണത്തിനെത്തിയ ഒരു മിസൈൽ വിജയകരമായി തകർത്തതായും തുടർന്നുണ്ടായ തീപിടിത്തം അണച്ചതായും സൗദി അധികൃതർ അറിയിച്ചു.
സൗദിയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഹൂത്തികൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഈ നീക്കം.
തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹൂത്തികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ സൗദി സേന തയ്യാറെടുക്കുകയാണ്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻപ് നടന്ന രൂക്ഷമായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മേഖലയിൽ നിലവിലെ യുദ്ധസാഹചര്യം ഉടലെടുത്തതിനു ശേഷം ഒരു അറബ് – ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആൾനാശവും ഭീകരമായ നാശനഷ്ടവുമാണിത്. കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമാണുള്ളത്.
അമേരിക്ക, ജോർദാൻ, ഈജിപ്ത്, സിറിയ, പലസ്തീൻ, സുഡാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരാണ് ജീവൻ വെടിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവരിൽ 11 ഇന്ത്യക്കാരുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക വിവരം.
ഇതിനിടെ, ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണശ്രമമുണ്ടായി. തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വിമാനത്താവള പരിസരത്ത് പതിക്കുകയുണ്ടായി.
അൽഖർജിലും കിഴക്കൻ മേഖലയിലും സമാനമായ രീതിയിൽ ആക്രമണ ശ്രമങ്ങൾ നടന്നു. ഈ ഭീകരാക്രമണങ്ങളെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും മറ്റ് ലോകരാഷ്ട്ര നേതാക്കളും ശക്തമായി അപലപിച്ചു.
ഹൂത്തികളുടേത് സമ്പൂർണ്ണ യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി സൗദി പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, റിയാദിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.
തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി ശക്തമായി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ശക്തവും സുരക്ഷിതവുമായ ഒരു മിഡിൽ ഈസ്റ്റാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

