തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചുകയറി യുവതിയെ ജീവനക്കാരൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ അസംപുരയിലെ മൻഹ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.
ഹോൾസെയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയും ചഞ്ചൽഗുഡ സ്വദേശിനിയുമായ താഹിറ ബാനു (35) ആണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ മുഹമ്മദ് ഇബ്രാഹിം ആണ് കൊലപാതകം നടത്തിയത്.
രാത്രി 9.40-ഓടെ കടയിലേക്ക് അതിക്രമിച്ചെത്തിയ പ്രതി, താൻ കൈയിൽ കരുതിയ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താഹിറ ബാനുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിനിടെ താനും താഹിറ ബാനുവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ യുവതി പിന്നീട് ഈ ബന്ധത്തിൽനിന്ന് അകന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതിയായ മുഹമ്മദ് ഇബ്രാഹിം. ഇയാളുടെ മൊഴികൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, പ്രതിക്ക് നേരെ പൊതുജനങ്ങളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി ഇയാളെ പിന്നീട് മലകാപേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

