ജൂണിൽ നടത്തിയ യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഗുരുതര പിഴവുകളും ആവർത്തിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഒടുവിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ചോദ്യപ്പേപ്പരുകളിലാണ് അപാകതകൾ കണ്ടെത്തിയത്.
പിഴവുകൾ സംഭവിച്ച ചോദ്യങ്ങൾ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള മൂല്യനിർണയം ശാസ്ത്രീയമല്ലെന്നും നീതിയുക്തമല്ലെന്നും പരീക്ഷ നടത്തിപ്പ് ചുമതലയുള്ള എൻടിഎ ബോധ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് വിഷയങ്ങളിൽ കൂടി വീണ്ടും പരീക്ഷ നടത്തുവാൻ അധികൃതർ തീരുമാനമെടുത്തത്.
വരുന്ന സെപ്റ്റംബർ 9, 10 തീയതികളിലാണ് പുനഃപരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ പരീക്ഷാ സമയക്രമം താഴെ പറയുന്നതാണ്:
ഇംഗ്ലിഷ് വിഷയം: സെപ്റ്റംബർ 9 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
കൊമേഴ്സ് വിഷയം: സെപ്റ്റംബർ 9 ന് ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 6 വരെ
സോഷ്യോളജി വിഷയം: സെപ്റ്റംബർ 10 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
മുൻപ് യഥാർത്ഥ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന ഈ പുനഃപരീക്ഷയ്ക്ക് യാതൊരുവിധ അധിക ഫീസും ഈടാക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആകെ 87 വിഷയങ്ങളിലായി ജൂണിൽ നടത്തിയ പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചികകൾ ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ വ്യാപകമായി പരാതികൾ ഉയർന്ന മൂന്ന് വിഷയങ്ങളുടെ ഉത്തരസൂചികകൾ തടഞ്ഞുവെച്ച ശേഷമാണ് എൻടിഎയുടെ ഈ നിർണായക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

