പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) വഴി 13 മുതൽ 65 വയസ്സുവരെയുള്ളവർക്ക് 50,000 രൂപ മുതൽ 2,00,000 രൂപ വരെ ധനസഹായം ലഭിക്കുമെന്ന തരത്തിൽ വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ കേന്ദ്രത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പി.ഐ.ബി (PIB) ഫാക്ട് ചെക്ക് വിഭാഗം കർശനമായ മുന്നറിയിപ്പ് നൽകി.
പ്രചാരണങ്ങളുടെ വസ്തുത
പ്രത്യേക വെബ്സൈറ്റ് ലിങ്കുകൾ വഴി ഓൺലൈനായി അപേക്ഷിച്ചാൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നേരിട്ട് പണം നൽകുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാൽ, ഇത്തരത്തിൽ നേരിട്ടുള്ള സാമ്പത്തിക സഹായമോ ഗ്രാന്റോ പദ്ധതിയുടെ ഭാഗമായി സർക്കാർ നൽകുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇൻഷുറൻസ് ആനുകൂല്യം
ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് റുപേ ഡെബിറ്റ് കാർഡ് വഴി നിബന്ധനകൾക്ക് വിധേയമായി ലഭിക്കുന്ന രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷയെ (Accidental Insurance Cover) തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്.
ഈ ഇൻഷുറൻസ് ആനുകൂല്യത്തെ സർക്കാർ നേരിട്ടുള്ള ധനസഹായമായി കണക്കാക്കരുത്. പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം വെബ്സൈറ്റുകൾക്ക് കേന്ദ്ര സർക്കാരുമായി യാതൊരുവിധ ബന്ധവുമില്ല. പദ്ധതിയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾക്കായി pmjdy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മാത്രം സന്ദർശിക്കുക.
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പി.ഐ.ബി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

