കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര സംവിധാനം അനിശ്ചിതത്വത്തിലായി. മുൻ സർക്കാരിന്റെ അവസാന കാലയളവിൽ ആരംഭിച്ച ‘ഹാപ്പി ലോങ് ലൈഫ്’ പദ്ധതിയിലൂടെയാണ് രോഗികൾക്ക് ഈ യാത്രാസൗകര്യം ലഭ്യമാക്കിയിരുന്നത്.
പദ്ധതിയിൽ അംഗങ്ങളായവർക്ക് ആറ് മാസത്തേക്ക് സൗജന്യ യാത്രയ്ക്കുള്ള കാർഡുകളാണ് നൽകിയിരുന്നത്. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് കാർഡുകൾ പുതുക്കി നൽകുമെന്നായിരുന്നു അധികൃതർ അന്ന് നൽകിയ ഉറപ്പ്.
നിലവിൽ, ആശുപത്രിയിലേക്കുള്ള യാത്രാവശ്യങ്ങൾക്കായി നൽകിയിരുന്ന തിരിച്ചറിയൽ കാർഡുകൾ പുതുക്കാൻ സാധിക്കുന്നില്ല എന്നതാണ് സ്ഥിതി. ഇതിനുപുറമെ, പദ്ധതിയിലേക്ക് പുതുതായി അപേക്ഷിക്കുന്നവർക്കും കാർഡുകൾ ലഭ്യമാകുന്നില്ല.
ഇക്കാര്യത്തിൽ വ്യക്തത തേടി തിരുവനന്തപുരം ഹെഡ് ഓഫീസിനെ സമീപിക്കുന്ന രോഗികൾക്കും ബന്ധുക്കൾക്കും സാങ്കേതിക കാരണങ്ങളാൽ കാർഡുകൾ അച്ചടിക്കാൻ സാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കീമോതെറപ്പി, റേഡിയേഷൻ, തുടർ ചികിത്സാ ആവശ്യങ്ങൾക്കായി എത്തുന്ന രോഗികൾക്കാണ് കെഎസ്ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നത്.
യാത്രയ്ക്കിടെ രോഗികൾക്ക് ബസിൽ ഇരിപ്പിടം ഉറപ്പാക്കുമെന്നും അധികൃതർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ നിലവിലെ സാങ്കേതിക തടസ്സം രോഗികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

