നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഉയര്‍ന്നിരിക്കുന്ന ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ പുതിയ ശബ്ദരേഖ പുറത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും പാര്‍ട്ടി പതാകകളും നിര്‍മിച്ച വകയില്‍ 31 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി കമ്മീഷനായി കൈപ്പറ്റിയെന്ന് വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്.
പണം നല്‍കിയതിന് ശേഷവും തനിക്ക് ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കുന്നില്ലെന്നും കരാറുകാരന് ശബ്ദരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ലഭിക്കാനുള്ള 4,65,000 രൂപയുടെ കാര്യത്തില്‍ കരാറുകാരന് അതീവ രോഷവും നിസ്സഹായാവസ്ഥയും പ്രകടിപ്പിക്കുന്നുണ്ട്.
പണം പൂര്‍ണമായി കൈപ്പറ്റിയ ശേഷം കമ്മീഷന് നല്‍കാമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും, തുടക്കത്തില്‍ തന്നെ 31 ലക്ഷം രൂപ നേതാക്കള്‍ കൈപ്പറ്റിയതായാണ് ആരോപണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ബാക്കി തുക നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും, നിലവില്‍ ബന്ധപ്പെട്ട
നേതാക്കള്‍ ഫോണ്‍ വിളികള്‍ പോലും സ്വീകരിക്കുന്നില്ലെന്ന് കരാറുകാരന് പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തരമായി വിഷയത്തില്‍ തീരുമാനമുണ്ടാകണമെന്നും ഇദ്ദേഹം ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നു.
ഈ സംഭവത്തില്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് അതീവ അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംസ്ഥാന ബിജെപി നേതൃത്വത്തിനുള്ളില്‍ തന്നെ വിഷയത്തില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്.
സംസ്ഥാന നേതാക്കള്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും, ആരോപണങ്ങളെല്ലാം നേതൃത്വം നിഷേധിക്കുകയാണ്. പുതിയ ശബ്ദരേഖ പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

