പാലക്കാട് ജില്ലയിലെ മംഗലം ഡാമിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ക്രൂര മർദനം. പൊൻകണ്ടം സ്വദേശിയായ പി.വി അജി (52) എന്നവർക്കാണ് മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് മംഗലം ഡാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്ന് മംഗലം ഡാമിലേക്ക് സർവീസ് നടത്തിയ ബസിലാണ് സംഭവങ്ങളുടെ തുടക്കം.
മുടപ്പല്ലൂരിൽ വെച്ച് ബസിൽ കയറിയ ഒരു യുവാവുമായി കണ്ടക്ടർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ബസിൽ വെച്ച് ഉന്തും തള്ളും ഉണ്ടാവുകയും യുവാവ് ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പിന്നീട് ബസ് മംഗലം ഡാം പെട്രോൾ പമ്പിൽ ഡീസൽ അടിക്കാനായി നിർത്തിയ സമയത്ത്, നേരത്തെ ബസിലുണ്ടായിരുന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം കാറിലെത്തുകയായിരുന്നു. പമ്പിൽ വെച്ച് ബസ് ജീവനക്കാരനായ അജിയെ സംഘം ക്രൂരമായി മർദിച്ചു.
മർദനമേറ്റ അജിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് അജി നിലവിൽ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
കണ്ടക്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് മംഗലംഡാമിൽ സ്വകാര്യ ബസുകൾ പണിമുടക്കി. സംഭവത്തിൽ പൊലീസ് നിയമനടപടികൾ സ്വീകരിച്ചു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

