കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ ദേശീയ നേതൃത്വം. മുന്നണിയിലെ പ്രധാന ഘടകക്ഷിയെന്ന നിലയിൽ ഈ ആവശ്യം തികച്ചും ന്യായമാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.
സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ നിന്ന് വിഷയത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ആരായുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐഎം-സിപിഐ നേതൃത്വങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സിപിഐ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പിണറായി വിജയൻ നേരിട്ട് ചർച്ചകളിൽ ഇടപെടുന്നതോടെ വിഷയം പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം നേതൃത്വം. എങ്കിലും, ഈ ആവശ്യം ഒരു അഭിമാന പ്രശ്നമായി സിപിഐ നേതൃത്വം കണക്കാക്കുന്നതിനാൽ, വരാനിരിക്കുന്ന ചർച്ചകളുടെ ഫലം പ്രവചനാതീതമാണ്.
മുന്നണിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് വിഷയം വളർന്നതോടെയാണ് സിപിഐഎം ചർച്ചകൾക്കായി മുൻകൈ എടുത്തത്. മുൻകാല കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ ആവശ്യം സിപിഐഎം തള്ളുന്നത്.
എന്നാൽ, പരസ്യമായി ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ പിന്മാറാൻ സിപിഐ തയ്യാറല്ല. ഇതിനകം തന്നെ പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട
ചർച്ചകൾ സിപിഐ കേന്ദ്രങ്ങളിൽ നടക്കുന്നുണ്ടെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

