ഓണക്കാലത്ത് നാട്ടിലെത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളിൽ ആലപ്പുഴയെ പാടെ അവഗണിച്ചതായി വ്യാപക പരാതി. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ട്രെയിനുകളൊന്നും ആലപ്പുഴ വഴിയല്ല സർവീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ച ചെന്നൈ സെൻട്രൽ– കൊല്ലം എക്സ്പ്രസ് (06119), തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംക്ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093) എന്നിവയുൾപ്പെടെയുള്ള പ്രധാന സർവീസുകളെല്ലാം കോട്ടയം വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം സ്റ്റേഷനുകളിൽ ചില ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, ആലപ്പുഴ വഴിയുള്ള സർവീസുകളുടെ അഭാവം യാത്രക്കാരെ വലിയ തോതിൽ ദുരിതത്തിലാക്കുന്നു.
സർവീസുകൾ ദീർഘിപ്പിച്ച ട്രെയിനുകൾ പോലും ആലപ്പുഴയെ പൂർണമായും ഒഴിവാക്കുകയാണുണ്ടായത്. പാത ഇരട്ടിപ്പിക്കാത്തതിനെത്തുടർന്നുള്ള സിംഗിൾ ലൈൻ പ്രശ്നങ്ങളാണ് റെയിൽവേ അധികൃതർ ഇതിനായി കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, മറ്റ് പല സിംഗിൾ ലൈൻ പാതകളിലൂടെയും സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും, സമയക്രമീകരണത്തിൽ കൃത്യത വരുത്തിയാൽ ആലപ്പുഴ വഴിയും ട്രെയിനുകൾക്ക് ഓടാൻ സാധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ആലപ്പുഴ വഴി സ്പെഷൽ ട്രെയിനുകൾ ഓടിയിരുന്ന കാര്യം ഇവർ ഓർമ്മിപ്പിക്കുന്നു.
ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഓണത്തിന് നാട്ടിലെത്താറുണ്ട്. പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ, സ്പെഷൽ ട്രെയിനുകളിലെങ്കിലും ഇടം ലഭിക്കാത്തത് യാത്രക്കാരെ നിരാശരാക്കുന്നു.
വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കുന്ന ട്രെയിനുകളിലെങ്കിലും ആലപ്പുഴയെ പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ആലപ്പുഴ – തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ.
തങ്ങളുടെ പരാതി കേന്ദ്ര മന്ത്രിക്കും എംപിക്കും നൽകാൻ ഇവർ തീരുമാനിച്ചിട്ടുണ്ട്. ഒന്നര മാസത്തിനുള്ളിൽ നൂറോളം സ്പെഷൽ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സ്ഥിതിയിൽ വലിയൊരു വിഭാഗം യാത്രക്കാർക്ക് ഇത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

