കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയോരത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് ഇന്ന് രണ്ടു വർഷം തികയുന്നു.
ഈ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ്, അന്ന് കടന്നുപോയ അനുഭവങ്ങൾ കോർത്തിണക്കി ‘72 ഷിരൂർ ദിനങ്ങൾ’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നു. നിയമസഭയിൽ വെച്ചായിരിക്കും ഈ കൃതിയുടെ പ്രകാശനം നടക്കുക.
ദുരന്തകാലത്തെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് എ.കെ.എം.അഷ്റഫ് ഇങ്ങനെ വ്യക്തമാക്കുന്നു: ‘‘പശ്ചിമഘട്ടത്തിലെ ആ കുന്നിൻചെരിവിൽ ജാതിയും മതവും മറന്ന് മനുഷ്യർ നടത്തിയ കൂട്ടായ ഇടപെടൽ ചരിത്രത്തിൽനിന്നുപോലും മാഞ്ഞുപോയേക്കാം. മാനവ സൗഹാർദത്തിന്റെ ആ കൂട്ടായ്മയുടെ കഥ എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു പുസ്തകത്തിനു പിന്നിൽ.’’ 2024 ജൂലൈ 16-ന് കർണാടകയിലെ ഹുബ്ലിയിൽനിന്ന് മരത്തടികളുമായി കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അർജുൻ അപകടത്തിൽപ്പെട്ടത്.
ഈ പുസ്തകത്തിൽ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, കലക്ടർ ലക്ഷ്മി പ്രിയ, അർജുന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ അനുഭവസാക്ഷ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ തിരച്ചിൽ വഴിതെറ്റിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് സമ്മർദമുണ്ടായതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, കലക്ടർ ലക്ഷ്മിപ്രിയ എന്നിവർ പുസ്തകത്തിലൂടെ ആരോപിക്കുന്നു.
പുഴയിൽ തിരച്ചിൽ നടത്താനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ, ലോറി റോഡിലെ മണ്ണിലുണ്ടെന്ന് വാദിച്ച് ചിലർ സമ്മർദം ചെലുത്തിയെന്നും, ഇതിനെത്തുടർന്ന് നിർബന്ധിതരായി തിരച്ചിൽ വഴിതിരിച്ചുവിടേണ്ടി വന്നെന്നും ഇരുവരും വെളിപ്പെടുത്തുന്നു. അപകടം നടന്ന് 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ 2024 സെപ്റ്റംബർ 25-നാണ് അർജുന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

