പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായതോടെ ബഹ്റൈനിലെ പ്രവാസി മലയാളികൾ കടുത്ത ആശങ്കയിൽ. സാധാരണ ജീവിതം പോലും ഭയപ്പാടോടെ മാത്രം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയിലാണ് തങ്ങളെന്ന് ഇവിടെയുള്ള പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന അനിശ്ചിതത്വം ഓരോ ദിവസത്തെയും മാനസിക സമ്മർദം വർധിപ്പിക്കുകയാണ്. മുൻപ് ഏത് സമയത്തും നിർഭയമായി സഞ്ചരിക്കാമായിരുന്ന രാജ്യത്ത്, ഇപ്പോൾ പുറത്തിറങ്ങാൻ പോലും ഭയം തോന്നുന്ന സാഹചര്യമാണുള്ളത്.
“സത്യത്തിൽ ചിരിക്കാൻ പോലും പേടിയാണ്. അടുത്ത നിമിഷം എന്തെന്ന ആശങ്ക.
ഏതു രാത്രിയിലും ഇറങ്ങിനടക്കാവുന്ന രാജ്യമായിരുന്നു ഇത്. ആ സാഹചര്യം മാറ്റി.
ഇപ്പോൾ ചെറിയൊരു യാത്ര ചെയ്യുമ്പോൾ പോലും നെഞ്ചിടിപ്പേറും. തുടർച്ചയായ വ്യോമയാന മുന്നറിയിപ്പുസൈറണുകളും മുന്നറിയിപ്പു സൈറണുകളും ഭയപ്പെടുത്തുന്നു” എന്ന് ഇവിടുത്തെ പ്രവാസി അനുഭവം പങ്കുവെക്കുന്നു.
പ്രധാനമായും പുലർച്ചെ മൂന്ന് മുതൽ ഏഴ് വരെയുള്ള സമയത്താണ് ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് പ്രവാസികളുടെ ഉറക്കം കെടുത്തുന്നു.
പ്രത്യേകിച്ച് പ്രായമായ മാതാപിതാക്കൾ ഒപ്പമുള്ള കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. അടിയന്തര സാഹചര്യം ഉടലെടുത്താൽ ഇവരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കാൻ സാധിക്കുമോ എന്ന ആശങ്ക എല്ലാവരിലും നിലനിൽക്കുന്നു.
യുദ്ധസാഹചര്യം സാമ്പത്തിക മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവിലയിലുണ്ടായ വർധന വിമാന ടിക്കറ്റ് നിരക്കിലും പ്രതിഫലിച്ചു.
നാലോ അഞ്ചോ അംഗങ്ങളുള്ള ഇടത്തരം കുടുംബങ്ങൾക്ക് നാട്ടിലേക്കുള്ള യാത്ര ഇപ്പോൾ അപ്രാപ്യമായി മാറിയിരിക്കുകയാണ്. കൂടാതെ, യുദ്ധക്കെടുതികൾ കാരണം നിരവധി പേർക്ക് ജോലി നഷ്ടപ്പെടുകയും വീസ പുതുക്കുന്നതിൽ തടസങ്ങൾ നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
വിദ്യാഭ്യാസ മേഖലയിലും പ്രതിഫലനം പ്രകടമാണ്. കുട്ടികൾ പഠനം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യവുമുണ്ട്.
മലയാളികൾ നടത്തിയിരുന്ന ഹോട്ടലുകളും സ്ഥാപനങ്ങളും ഉപഭോക്താക്കൾ ഇല്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ബഹ്റൈൻ ഭരണകൂടം ജനങ്ങളുടെ സുരക്ഷയ്ക്കായി കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, യുദ്ധഭീതിയിൽ നിന്ന് മുക്തി നേടാൻ സാധിക്കുന്നില്ല.
സുരക്ഷിതമായി സ്വന്തം നാട്ടിലെത്താൻ കഴിയുമോ എന്ന അനിശ്ചിതത്വത്തിലാണ് ഓരോ പ്രവാസിയും ഓരോ രാത്രിയും പിന്നിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

