രാജ്യത്ത് ആദ്യമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച് പി സി എൽ). ഇതിനായി പ്രമുഖ ഡെലിവറി ആപ്പായ സ്വിഗ്ഗിയുമായി കമ്പനി ഔദ്യോഗികമായി കരാർ ഒപ്പിട്ടു.
എൽപിജി വിതരണ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി സിലിണ്ടറുകൾ എത്തിക്കാൻ സാധിക്കും. പ്രധാന സവിശേഷതകൾ
തുടക്കത്തിൽ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാക്കുന്നത്.
എച്ച്പിസിഎൽ വിപണിയിലിറക്കിയ 10 കിലോഗ്രാം ഭാരമുള്ള ‘എച്ച്പി നവ്യ’ സിലിണ്ടറുകളും 5 കിലോഗ്രാം സിലിണ്ടറുകളും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാൻ സാധിക്കും. സ്ഥിരമായ ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.
ജോലി ആവശ്യാർത്ഥമോ പഠനത്തിനായോ വീടുകളിൽ നിന്ന് മാറി താമസിക്കുന്നവർക്കും ചെറിയ കുടുംബങ്ങൾക്കും ഈ സംവിധാനം ഏറെ ഗുണകരമാകും. വിതരണ രീതി
ഇൻസ്റ്റാമാർട്ട് ആപ്പ് വഴി ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ ബുക്ക് ചെയ്യാം.
ആദ്യമായി സിലിണ്ടർ വാങ്ങുന്നവർക്ക് അത് പുതിയ പർച്ചേസ് ആയി ലഭിക്കും. പിന്നീട് റീഫിൽ ആവശ്യമുള്ളപ്പോൾ ഡെലിവറി വേളയിൽ പഴയ സിലിണ്ടർ തിരികെ നൽകിയാൽ മതിയാകും.
എച്ച്പിസിഎല്ലിന്റെ അംഗീകൃത വിതരണ ശൃംഖല വഴിയാണ് വിതരണം ഏകോപിപ്പിക്കുന്നത്. പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും സുരക്ഷിതമായി സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുക.
ആദ്യ ഓർഡർ സമയത്ത് തിരിച്ചറിയൽ രേഖകളുടെ പരിശോധന നിർബന്ധമാണ്. പദ്ധതിയെക്കുറിച്ച് ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ഝാ പ്രതികരിച്ചത് ഇങ്ങനെയാണ്: “പലചരക്ക് സാധനങ്ങൾക്കുമപ്പുറം ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇൻസ്റ്റാമാർട്ട് വളർന്നു കഴിഞ്ഞു.
എച്ച്പിസിഎല്ലുമായി സഹകരിക്കുന്നതിലൂടെ, ഉപഭോക്താക്കൾ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ട് തന്നെ പാചകവാതക വിതരണം ഇൻസ്റ്റാമാർട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്.” വേഗതയേറിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഉപഭോക്താക്കളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ കഴിയുമെന്ന് എച്ച്പിസിഎൽ മാർക്കറ്റിംഗ് ഡയറക്ടർ അമിത് ഗാർഗ് വ്യക്തമാക്കി. എന്നാൽ സിലിണ്ടറുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

