കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടി വന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാതെ, ആ മാധ്യമപ്രവർത്തകയെത്തന്നെ പ്രതിയാക്കി കേസെടുത്തത് മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഒരുഭാഗത്ത് രാഹുൽ ഗാന്ധി വാചാലനാകുമ്പോൾ, കേരളത്തിലെ കോൺഗ്രസ് സർക്കാർ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകയ്ക്ക് നേരെ കേസെടുക്കുകയാണ്.
ആർട്ടിക്കിൾ 19 പ്രകാരം ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് മാധ്യമ പ്രവർത്തകയായ അപർണ്ണ കുറുപ്പിന് നേരിടേണ്ടി വന്നിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ മതമൗലികവാദ സംഘടനാ പ്രവർത്തകർക്കെതിരെ എടുത്ത കേസുകളിലെ തുടർനടപടികൾ ആഭ്യന്തര വകുപ്പ് പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് ചർച്ച നയിച്ച മാധ്യമപ്രവർത്തകയെ ആക്രമിച്ച പ്രതിക്കെതിരെയുള്ള നടപടികൾ സർക്കാർ മരവിപ്പിച്ചത് മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലിക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്നാണ് ആരോപണം. മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ വ്യക്തിക്കെതിരെ കേസെടുത്തപ്പോൾ മുസ്ലിം ലീഗ് എംഎൽഎമാർ തന്നെ പരസ്യമായി ആഭ്യന്തര വകുപ്പിനെതിരെ രംഗത്തുവരികയും, അവരെ ഭയന്ന് ആഭ്യന്തര വകുപ്പ് നടപടികൾ റദ്ദാക്കുകയുമാണുണ്ടായത്.
താലിബാൻ ഭരണത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം നടപടികൾക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പത്രസ്വാതന്ത്ര്യം, സ്ത്രീസുരക്ഷ, പുരുഷ മേധാവിത്വം എന്നൊക്കെ സംസാരിക്കുന്ന കോൺഗ്രസിനോ അവരുടെ നേതാക്കൾക്കോ വധഭീഷണി നേരിട്ട
മാധ്യമപ്രവർത്തകയെ പിന്തുണച്ച് ഒരു വാക്ക് പോലും പറയാൻ ധൈര്യമില്ല. മാധ്യമപ്രവർത്തകയ്ക്ക് സംരക്ഷണം ഒരുക്കേണ്ട
സർക്കാരിൽ നിന്ന് തന്നെ ഈ നീക്കമുണ്ടായത് കടുത്ത വഞ്ചനയാണ്. അഭിപ്രായം പറഞ്ഞ വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത ആഭ്യന്തര വകുപ്പിന്റെ നയവും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന കാന്തപുരത്തിന്റെ നയവും ഒരേപോലെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരിയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തെ ഭരിക്കാനല്ല കോൺഗ്രസിന് കേരള സമൂഹം ഭരണം നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തെ പൂർണ്ണമായും മതമൗലികവാദ സംഘടനകളുടെ നിയന്ത്രണത്തിലേക്കും കടുത്ത അപകടത്തിലേക്കും തള്ളിവിടുന്ന സമീപനമാണ് കോൺഗ്രസ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മതമൗലിക സംഘടനകൾക്ക് മുന്നിൽ പൂർണമായി കീഴടങ്ങിയുള്ള ഈ ഭരണം കേരളത്തിന്റെ സുരക്ഷിതത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

