അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കി **ഡോ. അനിൽ മേനോൻ**.
ബഹിരാകാശ നിലയത്തിലെത്തിയ ശേഷം താൻ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ, തന്റെ യാത്ര യാഥാർത്ഥ്യമാക്കാൻ പിന്തുണ നൽകിയ ഏവർക്കും അദ്ദേഹം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കുടുംബത്തോടുള്ള സ്നേഹം പങ്കുവെക്കാനും മകൾ ഗ്രേസിന് ജന്മദിനാശംസകൾ നേരാനും മറന്നില്ല.
സൊയൂസ് എം എസ് 29 പേടകത്തിൽ യാത്ര തിരിച്ച് ബഹിരാകാശ നിലയത്തിൽ പ്രവേശിച്ച സംഘത്തിൽ ഡോ. അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് പേരാണുള്ളത്.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നും വിക്ഷേപിച്ച പേടകം, ഇന്ത്യൻ സമയം രാത്രി 11:26 ഓടെയാണ് നിലയവുമായി ഡോക്ക് ചെയ്തത്. തുടർന്ന് വിവിധ പരിശോധനകൾക്ക് ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ് അനിൽ മേനോനും സംഘവും നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിന്റെ സഹയാത്രികർ. എക്സ്പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമാകുന്ന സംഘം എട്ട് മാസത്തെ ഗവേഷണങ്ങൾക്ക് ശേഷം അടുത്ത വർഷം ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങും.
ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്ത് വലിയ പ്രതീക്ഷ നൽകുന്ന ഈ ദൗത്യം ഡോ. അനിലിന്റെ വർഷങ്ങൾ നീണ്ട
കഠിനാധ്വാനത്തിന്റെ ഫലമാണ്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്നും ന്യൂറോബയോളജിയിൽ ബിരുദവും, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.
അമേരിക്കൻ വ്യോമസേനയിൽ കേണലായി സേവനമനുഷ്ഠിച്ച അദ്ദേഹം, നാസയിൽ ഫ്ലൈറ്റ് സർജനായും സ്പേസ് എക്സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ മണിക്കൂർ പറന്ന പരിചയമുള്ള സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ ഇദ്ദേഹം, ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.
ഈ അസാധാരണ മികവ് പരിഗണിച്ചാണ് നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ നിലയത്തിൽ വെച്ച് വൈദ്യശാസ്ത്രപരമായ പ്രത്യേക പഠനങ്ങൾ അദ്ദേഹം പൂർത്തിയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

