ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക കൃത്യമായി തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിനായി പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. നിലവിലുണ്ടായിരുന്ന സ്ഥാനക്കയറ്റ തടസ്സങ്ങൾ കാരണം ഒഴിവുകൾ കൃത്യസമയത്ത് നികത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
ഡോക്ടർമാരുടെ അപര്യാപ്തത പൊതുജനങ്ങളെയും പ്രയാസത്തിലാക്കുന്നുണ്ട്. ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം മൂലം അർഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്.
ഈ പശ്ചാത്തലത്തിലാണ് പുതിയ സെൽ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ഡോക്ടർമാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാൽക്കരിക്കപ്പെടുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനിൽ.വി, പ്ലാനിംഗ് വിഭാഗം ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.വിനീത്.വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പുതിയ സെല്ലിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. വകുപ്പിലെ വിവിധ സെക്ഷനുകളുമായി ചേർന്നു പ്രവർത്തിച്ചായിരിക്കും ഈ നടപടികൾ പൂർത്തിയാക്കുക.
സ്പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറുകളിൽ ഉൾപ്പെടുന്ന മുഴുവൻ ഡോക്ടർമാരുടെയും സീനിയോറിറ്റിയും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ വർഷം ഡിസംബറിന് മുമ്പ് പൂർണ്ണമായി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
സമയബന്ധിതമായി സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

