നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ സെഷൻസ് കോടതി പ്രതികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ പ്രധാന ആവശ്യം.
കേസിലെ തെളിവുകൾ വേണ്ടവിധം പരിശോധിക്കാതെയാണ് കീഴ്ക്കോടതി ജാമ്യം അനുവദിച്ചതെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ നിൽക്കെ നൽകിയ മുൻകൂർ ജാമ്യം കേസിന്റെ തുടർനടപടികളെ ദോഷകരമായി ബാധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കൂടാതെ, മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെടുക്കേണ്ടത് അനിവാര്യമാണെന്നും എസ്ഐടി കോടതിയെ ബോധിപ്പിച്ചു. ഈ അപ്പീൽ ഹൈക്കോടതി ഉടൻ പരിഗണിക്കും.
പ്രത്യേക അന്വേഷണ സംഘം തലവൻ എ.പി. ഷൗക്കത്തലി, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ.
പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും, പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്ന സാഹചര്യത്തിൽ ഇവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.
ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് കേസിൽ പ്രതികളായ അഞ്ച് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം (ഐപിസി 308) നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി നടപടി.
അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലുമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

