യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോഹെൽത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ ശക്തമാക്കുന്നു.
വിഷയത്തിൽ മാനേജ്മെന്റ് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ മുന്നറിയിപ്പ് നൽകി. കമ്പനിയുടെ കേരളത്തിലെ പ്രവർത്തനം നിലനിർത്താനും ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കാനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.
എന്നാൽ, പ്രശ്നപരിഹാരത്തിനായി ജൂലൈ 10 വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ കമ്പനി അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തുടർനടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ തൊഴിൽ വകുപ്പിന്റെ നിർദേശങ്ങൾ മാനേജ്മെന്റ് അവഗണിക്കുന്ന സാഹചര്യമാണ് ഉള്ളത്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വെള്ളിയാഴ്ച വരെ നിലവിലുള്ള സ്ഥിതി തുടരണമെന്ന് സർക്കാർ നിർദേശിച്ചിരുന്നെങ്കിലും, കമ്പനി അത് ലംഘിച്ചു. മുന്നൂറിലധികം ജീവനക്കാരുള്ള സ്ഥാപനം പൂട്ടുന്നതിന് മുൻപ് തൊഴിൽ വകുപ്പിനെ അറിയിക്കണമെന്ന നിയമം നിലനിൽക്കെയാണ് കമ്പനിയുടെ ഏകപക്ഷീയമായ നടപടി.
പുതിയ കേന്ദ്ര തൊഴിൽ നിയമത്തിന്റെ മറവിൽ പിരിച്ചുവിടലിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ജില്ലാ കലക്ടറേറ്റിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ കമ്പനിക്ക് ഔദ്യോഗികമായി സമൻസ് അയച്ചിട്ടുണ്ട്.
അതിനിടെ, കൊച്ചിയിലെ ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ ഇന്നും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഓഫീസിന് പുറത്ത് എത്തുന്ന ജീവനക്കാരുടെ ഹാജർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നുണ്ട്.
യോഗം വരെ ഈ നടപടി തുടരുമെന്നും ജോലിക്കെത്തുന്നവരെ ഡ്യൂട്ടിയിലുള്ളവരായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ 600-ഓളം പേരെയും കോഴിക്കോട്ടെ 200-ഓളം പേരെയും മുന്നറിയിപ്പില്ലാതെ കമ്പനി പിരിച്ചുവിട്ടത്.
തൊഴിൽ വകുപ്പിന്റെ ഇടപെടലുകളെ മറികടന്ന്, രണ്ടോ രണ്ടരയോ മാസത്തെ ശമ്പളം ‘നഷ്ടപരിഹാരം’ എന്ന നിലയിൽ ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോവുകയായിരുന്നു. ജീവനക്കാർക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എഐവൈഎഫ് കൊച്ചി ഓഫീസിലേക്ക് മാർച്ച് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

